ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ കനത്തനാശം വിതച്ച മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി. 15 കുട്ടികളും ഇതിൽ ഉൾപ്പെടുന്നതായി കെർ കൗണ്ടി ഷെരീഫ് ലാറി ലീത അറിയിച്ചു.ഗ്വാഡല്യൂപ് നദിക്കരയിലുള്ള ഹണ്ട് എന്ന ചെറുപട്ടണത്തിൽ നടന്ന വേനൽകാല ക്യാമ്പിൽ പങ്കെടുത്ത 27 പെൺകുട്ടികളടക്കം നിരവധി പേരെ കാണാതായി. തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നു. മരണസംഖ്യ ഗണ്യമായി ഉയർന്നേക്കും.

ടെക്സസ് ഹിൽ കൺട്രി പ്രവിശ്യയിലാണ് മണിക്കൂറുകൾക്കകം കനത്ത മഴയുണ്ടായത്. കെർ കൗണ്ടിയിലുണ്ടായ തീവ്രമഴയിൽ ഗ്വാഡല്യൂപ് കരകവിഞ്ഞു. 45 മിനിറ്റിൽ ജലനിരപ്പ് 26 അടി ഉയർന്നു. മൂന്ന് മുതൽ ആറുവരെ ഇഞ്ച് മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ 10 ഇഞ്ച് (ഏകദേശം 254 മില്ലീമീറ്റർ) മഴയാണ് പെയ്തത്. ഹണ്ട് പട്ടണത്തിൽ മൂന്നുമണിക്കൂറിൽ പെയ്തത് ആറര ഇഞ്ച് മഴ. ഇവിടെ 100 വർഷത്തിനിടെ ലഭിക്കുന്ന ഏറ്റവും കൂടുതൽ മഴയാണിത്. പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നില്ല.