എഡ്മിന്റൻ : ആൽബർട്ടയിലെ ആരോഗ്യമേഖല മോശം അവസ്ഥയിലാണെന്ന് പുതിയ റിപ്പോർട്ട്. എമർജൻസി യൂണിറ്റിലെ നീണ്ട കാത്തിരിപ്പ് സമയവും ഫാമിലി ഡോക്ടർമാരെ കിട്ടാനുള്ള ബുദ്ധിമുട്ടുമാണ് പ്രധാന പ്രശ്നങ്ങൾ എന്ന് ആൽബർട്ട മെഡിക്കൽ അസോസിയേഷൻ (AMA) പറയുന്നു. കഴിഞ്ഞ വർഷം എമർജൻസി യൂണിറ്റിൽ പോയവരിൽ 60 ശതമാനം പേരും തങ്ങളുടെ അനുഭവം മോശമെന്ന് വിലയിരുത്തി. അഞ്ചിൽ ഒരാൾക്ക് ഫാമിലി ഡോക്ടറില്ലെന്നും, ആവശ്യമുള്ളപ്പോൾ പകുതിയിലധികം പേർക്ക് ഡോക്ടറെ കാണാനായില്ലെന്നും AMA റിപ്പോർട്ടിലുണ്ട്.

അതേസമയം, AMA-യുടെ സർവേ 1,100 പേരിൽ നിന്നുള്ള വിവരങ്ങൾ മാത്രമാണെന്നും ഇത് പൂർണ്ണമായ ചിത്രം നൽകുന്നില്ലെന്നും പ്രവിശ്യാ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. കൂടുതൽ ഡോക്ടർമാരെയും ആശുപത്രി കിടക്കകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. 2025 മാർച്ച് അവസാനം വരെ 12,123 രജിസ്റ്റർ ചെയ്ത ഡോക്ടർമാരുണ്ടെന്നും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 491 ഡോക്ടർമാരുടെ വർധനയുണ്ടായെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 317 പേർ ഫാമിലി ഡോക്ടർമാരാണ്.

എന്നാൽ, സേവന രംഗത്ത് ഇനിയും ഡോക്ടർമാരെ ആവശ്യമാണെന്ന് AMA ചൂണ്ടിക്കാട്ടി. ജനസംഖ്യാ വർധന ആരോഗ്യമേഖലയ്ക്ക് വലിയ സമ്മർദ്ദം നൽകുന്നുണ്ടെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.