ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ എഗ്മോണ്ട് ബേയിൽ നിന്ന് ശേഖരിച്ച കക്കയിറച്ചി സാമ്പിളുകളിൽ ‘ഡെർമോ’ എന്ന ജലജീവി രോഗം കണ്ടെത്തിയതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). പെർക്കിൻസോസിസ് എന്നും അറിയപ്പെടുന്ന ഈ രോഗം മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമല്ലെങ്കിലും, കക്കയിറച്ചിക്ക് വളർച്ചാ മുരടിപ്പും മരണനിരക്കും വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഏജൻസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

പിഇഐയിൽ ഡെർമോ രോഗം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്. രോഗം പടരുന്നത് തടയാൻ CFIA-യും ഫിഷറീസ് ആൻഡ് ഓഷ്യൻസ് കാനഡയും (DFO), പ്രവിശ്യാ ഭരണകൂടവും ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ‘വൺ ഹെൽത്ത്’ സമീപനത്തിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് അധികൃതർ അറിയിച്ചു.

പ്രദേശത്തെ കക്കയിറച്ചി നീക്കത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും, രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും, മൊളസ്കുകളുടെ ആരോഗ്യം നിരീക്ഷിക്കുമെന്നും ഏജൻസി അറിയിച്ചു.