ലണ്ടൻ : ഗാസയിലെ ഇസ്രയേൽ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിൽ ഇസ്രയേലിന് അനുകൂലമായി പ്രവർത്തിക്കാൻ നിർബന്ധിക്കുന്നു എന്നാരോപിച്ച് നൂറിലധികം ബിബിസി ജീവനക്കാർ രംഗത്ത്. വിഷയം ഉന്നയിച്ച് ഇവർ ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിക്ക് തുറന്ന കത്തയച്ചു. അഭിനേതാക്കളും മറ്റ് മാധ്യമ പ്രവർത്തകരും ഉൾപ്പെടെ മുന്നൂറിൽ അധികം പേർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. പലസ്തീൻ വിഷയത്തിൽ ബിബിസിക്കുള്ളിൽ വർധിച്ചുവരുന്ന ആന്തരിക പ്രശ്നങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

ഗാസയിലെ മാനുഷിക പ്രതിസന്ധി അവതരിപ്പിക്കുന്നതിലും സ്വന്തം എഡിറ്റോറിയൽ നിലവാരം പാലിക്കുന്നതിലും ബിബിസി പരാജയപ്പെട്ടുവെന്ന് കത്തിൽ പറയുന്നു. ബിബിസിയുടെ ഉള്ളടക്കം പലപ്പോഴും ‘ഇസ്രയേൽ സർക്കാരിനും സൈന്യത്തിനുമുള്ള പിആർ’ പോലെയാണെന്നും ജീവനക്കാർ ആരോപിക്കുന്നു. ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിൽ ‘ഡെത്ത് ടു ദി ഐഡിഎഫ്!’ എന്ന സന്ദേശം ബിബിസി ലൈവ് സ്ട്രീം ചെയ്തതിനെ തുടർന്നുള്ള വിവാദങ്ങൾക്ക് പിന്നാലെയാണ് ഈ നടപടി.

കത്തിന് മറുപടിയായി, നിഷ്പക്ഷമായി റിപ്പോർട്ട് ചെയ്യാനുള്ള ബിബിസിയുടെ പ്രതിബദ്ധത വക്താവ് ഊന്നിപ്പറഞ്ഞു. എന്നാൽ, ഗാസയിലെ ഡോക്ടർമാരുടെ ദുരിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേക്ഷണം തടഞ്ഞുവെച്ചതിന് ബിബിസി വിമർശനം നേരിട്ടിരുന്നു. ആന്തരിക സെൻസർഷിപ്പും കത്തിൽ ആരോപിക്കുന്നുണ്ട്.