ടെക്സസ് : ടെക്സസിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ കുട്ടികളടക്കം 24 പേർ മരിച്ചു. സമ്മർ ക്യാംപിലെ 23 പെൺകുട്ടികളടക്കം നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണ്.

വെള്ളിയാഴ്ച വൈകീട്ട് കെർ കൗണ്ടിയിലെ ഗ്വാഡൽപെ നദിയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കമാണ് ദുരന്തത്തിന് കാരണമായത്. ഇതുവരെ 237 പേരെ രക്ഷപ്പെടുത്തി. കാണാതായവരുടെ കൃത്യമായ എണ്ണം അധികൃതർക്ക് ഇനിയും വ്യക്തമല്ല. തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ഊർജിതമായി നടക്കുന്നുണ്ടെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് അറിയിച്ചു. യുഎസ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ഹെലികോപ്റ്ററുകൾ, നീന്തൽ വിദഗ്ധർ, സൈനിക വാഹനങ്ങൾ എന്നിവ രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്.