ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിൽ നിന്ന് ഔദ്യോഗികമായി പിൻവാങ്ങി ആഗോള സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റ്. 2000 ജൂൺ മുതൽ 25 വർഷത്തോളം നീണ്ട കമ്പനിയുടെ പ്രവർത്തനമാണ് ഇതോടെ അവസാനിച്ചത്. മൈക്രോസോഫ്റ്റ് കൺട്രി മാനേജരായ ജവാദ് റഹ്‌മാന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് സ്ഥിരീകരണം.
മൈക്രോസോഫ്റ്റിന്റെ ഈ തീരുമാനം പാക്കിസ്ഥാനിലെ ബിസിനസ്-സാങ്കേതിക മേഖലകളിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. രാജ്യത്തെ നിക്ഷേപ സാഹചര്യങ്ങൾ നേരിടുന്ന കടുത്ത വെല്ലുവിളികളുടെ പ്രതിഫലനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക അസ്ഥിരത, ഡിജിറ്റൽ നയത്തിലെ സ്ഥിരതയില്ലായ്മ, ചുരുങ്ങുന്ന വിപണി എന്നിവയാണ് പിൻമാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രോക്ടർ ആൻഡ് ഗാംബിൾ, സുസുക്കി, ലോട്ടെ തുടങ്ങിയ നിരവധി ബഹുരാഷ്ട്ര കമ്പനികൾ സാമ്പത്തിക പ്രശ്നങ്ങൾ കാരണം പാക്കിസ്ഥാനിലെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്തിരുന്നു. മൈക്രോസോഫ്റ്റിന്റെ പിൻമാറ്റം പാക്കിസ്ഥാന്റെ വിശ്വാസ്യതയ്ക്കും നിക്ഷേപക സൗഹൃദാന്തരീക്ഷത്തിനും വലിയ തിരിച്ചടിയാണെന്ന് വിദഗ്ധർ പറയുന്നു. ഇത് മറ്റ് ആഗോള ടെക് കമ്പനികളെ പാക്കിസ്ഥാനിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിച്ചേക്കാം.