ടൊറൻ്റോ : കഴിഞ്ഞ വർഷം മാർക്കമിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റ സംഭവത്തിൽ രണ്ടു കൗമാരക്കാർ അറസ്റ്റിൽ. 2024 സെപ്റ്റംബർ 20-നും നവംബർ 30-നും ഇടയിൽ, OPP അറോറ ഡിറ്റാച്ച്മെൻ്റിലെ അംഗങ്ങൾ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് നേരെ നിരവധി തവണ കല്ലേറുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സെപ്റ്റംബർ ഇരുപതിനുണ്ടായ കല്ലേറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. സംഭവത്തിൽ പരുക്കേറ്റ നിലയിൽ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കേസിൽ 18 വയസ്സുള്ള രണ്ടു പേരെ അറസ്റ്റ് ചെയ്തതായി യോർക്ക് റീജനൽ പൊലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 20-നും നവംബർ 12-നും ഇടയിൽ ഹൈവേ 48-ൽ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞ 11 വ്യത്യസ്ത കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിന് പുറമെ യോർക്ക് പൊലീസ് ഒൻപത് കേസുകൾ കൂടി അന്വേഷിച്ചു വരികയാണ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത യുവാക്കൾക്കെതിരെ ആക്രമണം, സ്വത്തിന് കേടുപാടുകൾ വരുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കുറ്റകൃത്യം ചെയ്യുന്ന സമയത്ത് പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരം അവരുടെ ഐഡൻ്റിറ്റി പുറത്തുവിട്ടിട്ടില്ല.