വാഷിങ്ടന്‍: അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 51 ആയി ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അവസാന ആളെയും കണ്ടെത്തുംവരെ ദൗത്യം തുടരുമെന്നും അധികൃതര്‍ പറഞ്ഞു.
വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 27 പെണ്‍കുട്ടികളെയാണ് കാണാതായത്. ഇവരില്‍ മിക്കവരും 12 വയസ്സിനു താഴെ പ്രായമുള്ളവരാണ്. ക്യാമ്പ് നടന്ന പ്രദേശം പൂര്‍ണ്ണമായും ചെളിയില്‍ മുങ്ങിയ നിലയിലാണ്. ക്രൈസ്തവ വിശ്വാസികളായ പെണ്‍കുട്ടികള്‍ക്കു വേണ്ടി 1926 മുതല്‍ നടക്കുന്ന മിസ്റ്റിക് വേനല്‍ക്കാല ക്യാമ്പിലെ കുട്ടികളെയാണു കാണാതായത്. നദീതീരത്ത് ഇവര്‍ക്കു താമസിക്കാന്‍ സജ്ജമാക്കിയ കാബിനുകള്‍ കൂട്ടത്തോടെ ഒലിച്ചുപോയിരുന്നു.

കാണാതായ കുട്ടികളില്‍ ചിലരുടെ മരണം രക്ഷിതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രളയത്തില്‍പ്പെട്ട 850 പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇനിയും മിന്നല്‍ പ്രളയം ഉണ്ടാകാമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക അധികാരികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. തിരച്ചിലിനായി കോസ്റ്റ് ഗാര്‍ഡിനെ വിന്യസിച്ചിട്ടുണ്ട്.
മൂന്ന് മണിക്കൂര്‍ കൊണ്ട് സൗത്ത് സെന്‍ട്രല്‍ ടെക്‌സസില്‍ പലയിടത്തും പെയ്തത് 254 മില്ലിമീറ്റര്‍ മഴയാണ്. ടെക്‌സസിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ പ്രദേശത്താണ് ദുരന്തമുണ്ടായത്. കനത്ത മഴ പ്രവചിച്ചിരുന്നെങ്കിലും കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചായിരുന്നു മിന്നല്‍പ്രളയം.