വാഷിങ്ടൺ: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ അതിന്റെ ഉദ്ഘാടന പരിപാടികൾക്കുള്ള ഒരുക്കത്തിലാണ് അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കെന്ന് റിപ്പോർട്ട്. തന്‍റെ പാർട്ടിയായ അമേരിക്ക പാർട്ടിയുടെ ഉദ്ഘാടന സമ്മേളനം എവിടെവെച്ച് നടത്തണമെന്ന അഭിപ്രായ സർവേയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ മസ്ക്.

‘അമേരിക്കൻ പാർട്ടിയുടെ ഉദ്ഘാടന സമ്മേളനം എവിടെ വേണം? എപ്പോഴായിരിക്കണം?’, എന്ന് മസ്ക് എക്സിൽ ചോദിക്കുന്നു. ഇത് ഏറ്റവും രസകരമായ ഒന്നായിരിക്കുമെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ചോദ്യമുന്നയിച്ചുകൊണ്ട് എക്സിൽ അഭിപ്രായ സർവേ നടത്തിയിരുന്നു. ഇതിന്റെ ഫലം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടായത്. പുതിയൊരു രാഷ്ട്രീയ ബദൽ 2-1 എന്ന അനുപാതത്തിൽ പൊതുജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മസ്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ധൂർത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണസംവിധാനത്തിലാണ് ജീവിക്കുന്നതെന്നും ജനാധിപത്യത്തിലല്ലെന്നും മസ്ക് വിമർശിച്ചിരുന്നു.