തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകുന്നതിനായി ബ്രിട്ടനില്‍ നിന്നുള്ള കൂറ്റന്‍ ചരക്ക് വിമാനമെത്തി. എയര്‍ബസ് അറ്റ്ലസ് എന്ന വിമാനമാണ് ഇതിനായി തിരുവനന്തപുരത്തെത്തിയത്. വിമാനത്തോടൊപ്പം വ്യോമസേനയിലെ പതിനേഴ് സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘവുമുണ്ട്.
യുദ്ധവിമാനത്തിന്റെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍, ഈ ചരക്ക് വിമാനത്തില്‍ തന്നെ യുദ്ധവിമാനം തിരികെ കൊണ്ടുപോകാനാണ് നീക്കം. ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടത്തും. ഇതിനും സാധിച്ചില്ലെങ്കില്‍, വിമാനത്തിന്റെ ചിറകുകളടക്കം അഴിച്ചു മാറ്റി ചരക്ക് വിമാനത്തില്‍ തിരികെ കൊണ്ടുപോകേണ്ടി വരും.

കേരള തീരത്തു നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന ഈ യുദ്ധവിമാനത്തിന് പ്രക്ഷുബ്ധമായ കടലും കാറ്റും കോളും നിറഞ്ഞ കാലാവസ്ഥയുമാണ് തിരിച്ചിറക്കലിന് പ്രതിസന്ധി സൃഷ്ടിച്ചത്. ഏറെനേരം ആകാശത്ത് വട്ടമിട്ടു പറന്ന വിമാനത്തിന് ഒടുവില്‍ ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ അനുമതിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തേണ്ടി വന്നു. വിമാനത്തിന്റെ തകരാര്‍ പരിഹരിച്ച് തിരികെ കൊണ്ടുപോകാന്‍ ബ്രിട്ടീഷ് കപ്പലില്‍ നിന്ന് സൈനിക ഹെലികോപ്റ്ററും സാങ്കേതിക സംഘവും എത്തിയിരുന്നെങ്കിലും സാങ്കേതിക തകരാര്‍ പൂര്‍ണ്ണമായി പരിഹരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.