മൺട്രിയോൾ : കാനഡയിൽ ഗാർഹിക പീഡനത്തിന് ഇരകളായവർക്കുള്ള അഭയകേന്ദ്രങ്ങൾ തുറക്കുന്നതിൽ കാലതാമസം നേരിടുന്നതായി റിപ്പോർട്ട്. ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥയാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. നിരവധി ആവശ്യങ്ങൾ ഉണ്ടായിട്ടും, ഫെഡറൽ-പ്രൊവിൻഷ്യൽ സർക്കാരുകൾ തമ്മിലുള്ള ഫണ്ടിങ് തർക്കങ്ങൾ നിർമ്മാണം തടസ്സപ്പെടുത്തുന്നതായി വനിതാ അഭയകേന്ദ്ര ശൃംഖലയായ Alliance MH2 ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി അംഗീകാരം ലഭിച്ച മൂന്ന് പദ്ധതികൾക്കുള്ള ഫണ്ടിങ് പിൻവലിച്ചതായും അധികൃതർ വ്യക്തമാക്കി. മൂന്ന് പ്രോജക്റ്റുകൾക്ക് കൂടി അനുമതി ലഭിക്കാതെ നിർമ്മാണം ആരംഭിക്കാൻ കഴിയില്ലെന്നും ഫെഡറൽ ഫണ്ടിനെക്കുറിച്ച് വ്യക്തമായ മറുപടി ലഭിക്കാനായി കാത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, 2024-2025-ൽ SOS Violence Conjugale-ന് ലഭിച്ച 20,000 അഭയ അപേക്ഷകളിൽ, പകുതിയിലധികം പേർക്കും അഭയം നിഷേധിക്കപ്പെട്ടു. കെബെക്കിൽ ഈ വർഷം ഇതിനോടകം ഏഴ് സ്ത്രീകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാർ ഉത്തരവാദിത്തവും നേതൃത്വവും കാണിക്കണമെന്ന് Alliance MH2-ലെ കോൺസ്റ്റൻസ് ലോറിൻ ആവശ്യപ്പെട്ടു.