വിനിപെഗ് : നോർത്തേൺ മാനിറ്റോബയിലുണ്ടായ കാട്ടുതീയിൽ ഏഴ് വീടുകൾ കത്തിനശിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച ഭയാനകമായ ദിവസമായിരുന്നുവെന്ന് പ്രാദേശിക ഫസ്റ്റ് നേഷൻ വിഭാഗമായ ടാറ്റാസ്ക്വെയാക് ക്രീ നേഷൻ അധികൃതർ അഭിപ്രായപ്പെട്ടു. വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഇവർ ഉറപ്പ് നൽകി. വെള്ളിയാഴ്ച കമ്മ്യൂണിറ്റിയുടെ നോർത്ത്-വെസ്റ്റ് ഭാഗത്ത് നിന്നാരംഭിച്ച തീ ശക്തമായ കാറ്റിൽ ആളിപ്പടർന്നതോടെ, 175 താമസക്കാരെ ഗില്ലാമിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ടാറ്റാസ്ക്വെയാക്കിന് സമീപമുള്ള കാട്ടുതീ, മേയ് അവസാനം മുതൽ അനിയന്ത്രിതമായി കത്തിക്കൊണ്ടിരിക്കുകയാണ്. ജൂൺ അവസാനത്തോടെ കുറച്ച് ദിവസത്തേക്ക് നിയന്ത്രണത്തിലായെങ്കിലും പിന്നീട് വീണ്ടും അനിയന്ത്രിതമായി മാറി. ഈ വർഷം രണ്ടാം തവണയാണ് ലിൻ ലേക്കിലെ 600 താമസക്കാരെയും കാട്ടുതീ ഭീഷണി കാരണം മാറ്റിപ്പാർപ്പിക്കാൻ ഉത്തരവിട്ടത്.

മാനിറ്റോബയിൽ സമീപ വർഷങ്ങളിലുണ്ടായതിൽ വെച്ച് ഏറ്റവും മോശം കാട്ടുതീ സീസണുകളിലൊന്നാണ് ഇത്. ജൂണിൽ ഏകദേശം 21,000 പേർക്ക് വീടുകൾ വിട്ട് പോകേണ്ടി വന്നിരുന്നു.