മൺട്രിയോൾ : കനത്ത ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ മൺട്രിയോൾ ദ്വീപിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് എൻവയൺമെന്റ് കാനഡ. ദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ ഈ ആഴ്ച ഉഷ്ണതരംഗം പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം താപനില 32 ഡിഗ്രി സെൽഷ്യസ് ആയി ഉയരും. ഈർപ്പം കാരണം ഹ്യുമിഡിറ്റി ഇൻഡക്സ് 40-ൽ എത്താൻ സാധ്യതയുണ്ട്. വൈകുന്നേരത്തോടെ കനത്ത ഇടിമിന്നൽ ഉണ്ടാകുമെന്നും, മണിക്കൂറിൽ 100 കി.മീ. വരെ വേഗത്തിൽ കാറ്റും കനത്ത മഴയും പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു. ഈ അപകടസാധ്യത അർദ്ധരാത്രി വരെ തുടരും.
രാത്രികാലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്, താപനില 19 ഡിഗ്രി സെൽഷ്യസ് ആയി കുറയും. തിങ്കളാഴ്ചയും കാലാവസ്ഥ അസ്ഥിരമായി തുടരും. രാവിലെ 40% മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയോടെ മഴയും ഇടിമിന്നലും വീണ്ടും എത്താൻ സാധ്യതയുണ്ടെന്നും ഏജൻസി പറയുന്നു.

തിങ്കളാഴ്ച രാത്രിയും മഴ തുടരും. ചൊവ്വാഴ്ച മേഘാവൃതമായ ആകാശവും 25 ഡിഗ്രി സെൽഷ്യസ് താപനിലയും പ്രതീക്ഷിക്കുന്നു. ബുധനാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരിക്കും, താപനില 28 ഡിഗ്രി സെൽഷ്യസ് ആയി ഉയരും. വ്യാഴാഴ്ച 60% മഴയ്ക്ക് സാധ്യതയുണ്ട്, താപനില 27 ഡിഗ്രി സെൽഷ്യസ്. വാരാന്ത്യത്തിൽ ഭാഗികമായി തെളിഞ്ഞ കാലാവസ്ഥയും 27 ഡിഗ്രി സെൽഷ്യസ് ന് അടുത്തുള്ള താപനിലയും പ്രതീക്ഷിക്കുന്നതായി എൻവയൺമെന്റ് കാനഡ അറിയിച്ചു.