എഡ്മിന്റൻ : മുൻ പ്രോഗ്രസീവ് കൺസർവേറ്റീവ് അസോസിയേഷൻ ഓഫ് ആൽബർട്ട (PCAA) പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ മുൻകൈയെടുത്ത് പ്രവിശ്യയിലെ രണ്ട് സ്വതന്ത്ര എം.എൽ.എമാർ. എയർഡ്രീ-കൊക്രെയ്ൻ എം.എൽ.എ. പീറ്റർ ഗുത്രിയും ലെസ്സർ സ്ലേവ് ലേക്ക് എം.എൽ.എ. സ്കോട്ട് സിൻക്ലെയറും ശനിയാഴ്ച കാൽഗറിയിൽ നടന്ന ചടങ്ങിൽ തങ്ങളുടെ ഈ നീക്കത്തിന് പിന്തുണ തേടി. ‘പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി’ എന്ന പൊതുജനങ്ങൾക്ക് പരിചിതമായ പേര് തിരികെ കൊണ്ടുവന്ന്, ആൽബർട്ടയിലെ വോട്ടർമാർക്ക് കൺസർവേറ്റീവ് പാർട്ടികളിൽ പുതിയ തിരഞ്ഞെടുപ്പിനുള്ള അവസരം നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇരുവരും വ്യക്തമാക്കി.

1971 മുതൽ 2015 വരെ ‘പ്രോഗ്രസീവ് കൺസർവേറ്റീവ് അസോസിയേഷൻ ഓഫ് ആൽബർട്ട’ എന്നറിയപ്പെട്ടിരുന്ന നിലവിലെ ‘യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി’ (UCP), 2017-ൽ ‘വൈൽഡ് റോസ് പാർട്ടി’യുമായി ലയിച്ചാണ് രൂപീകരിച്ചത്. 2015-ൽ ആൽബർട്ട NDP-യോട് പരാജയപ്പെട്ടതിന് ശേഷമാണ് PC-കൾ ഇത്തരമൊരു ലയനം നടത്തിയത്. മുൻ പ്രീമിയർ ജേസൺ കെന്നി രണ്ട് പാർട്ടികളെയും ഒരുമിപ്പിച്ച് UCP രൂപീകരിക്കുകയായിരുന്നു.

അതേസമയം, UCP-യുടെ മുൻ പാർട്ടികൾക്ക് പുതിയ പാർട്ടികളായി രജിസ്റ്റർ ചെയ്യാൻ നിയമം അനുവദിക്കുന്നില്ലെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് ഈ മാസം ആദ്യം നടന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രോഗ്രസീവ് കൺസർവേറ്റീവ് അസോസിയേഷൻ ഓഫ് ആൽബർട്ട എന്ന പേര് UCP രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും, അത് ഇപ്പോൾ ലഭ്യമാണെന്നും ഗുത്രി വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആ പേര് വെബ്സൈറ്റിൽ ലഭ്യമായിരുന്നെന്നും, UCP-യിലെ ആളുകൾ അത് ശ്രദ്ധിക്കാതെ പോയതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ നീക്കം ഔദ്യോഗികമാക്കാൻ നവംബർ 26-നകം 8,900 ഒപ്പുകൾ ശേഖരിക്കേണ്ടതുണ്ട്.