മൺട്രിയോൾ : പാരാമെഡിക്കൽ ജീവനക്കാർക്ക് 17.4% ശമ്പള വർധന നൽകാൻ തയ്യാറാണെന്ന് കെബെക്ക് സർക്കാർ. എന്നാൽ, ഇതിന് പകരമായി ചില ഇളവുകൾ നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി പുതിയ കരാറില്ലാതെയാണ് പാരാമെഡിക്കുകൾ ജോലി ചെയ്യുന്നത്. സി.എസ്.എൻ. (CSN) ട്രേഡ് യൂണിയനുമായി അഫിലിയേറ്റ് ചെയ്ത 3,300 ഓളം പാരാമെഡിക്കുകൾ ഇപ്പോൾ സമരത്തിലാണ്. അവശ്യ സേവനങ്ങളെ ബാധിക്കാത്ത തരത്തിലാണ് സമരം പുരോഗമിക്കുന്നത്.

ശമ്പള വർധനയാണ് സമരം ചെയ്യുന്ന ജീവനക്കാരുടെ പ്രധാന ആവശ്യം. മറ്റ് സർക്കാർ ജീവനക്കാർക്ക് ലഭിച്ച ശമ്പള വർധന തങ്ങൾക്കും വേണമെന്ന് യൂണിയൻ ആവശ്യപ്പെടുന്നു. വിഷയത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ഉടൻ പരിഹാരം കണ്ടെത്താൻ കഴിയുമെന്നും സർക്കാർ അറിയിച്ചു.