വാഷിങ്ടൺ : അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയെ അപലപിച്ച് യുഎസ് സെനറ്റർ ബെർണി സാൻഡേഴ്സ്. ഇസ്രയേലി നേതാവിനെ ‘യുദ്ധ കുറ്റവാളി’ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ബെർണി സാൻഡേഴ്സിന്റെ പ്രതികരണം. തൻ്റെ ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയാണ് സെനറ്ററുടെ പ്രതികരണം. ഡെമോക്രാറ്റിക് മുൻഗാമിയായ ജോ ബൈഡനെപ്പോലെ ട്രംപും വിനാശകരമായ യുദ്ധത്തെ പിൻന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഐസിസി( ഇന്റർനാഷ്ണൽ ചേംബർ ഓഫ് കോമേഴ്സ്)യിൽ നിന്നുളള ഒരു യുദ്ധക്കുറ്റവാളിയെ ഇന്ന് വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്യുമെന്ന് ബെർണി സാൻഡേഴ്സ് എക്സിൽ കുറിച്ചു. ജോ ബൈഡൻ എന്താണോ ചെയ്ത് കൊണ്ടിരുന്നത് അത് തന്നെയാണ് ട്രംപും ചെയ്യുന്നത്. ഗാസയിലെ സാധാരണക്കാരായ ജനങ്ങളെ കൊല്ലുകയും പട്ടിണിക്കിടുകയും ചെയ്യുന്ന തീവ്രവാദിയായ നെതന്യാഹു സർക്കാരിനെ സഹായിക്കുകയാണ് ഇരുവരും ചെയ്തത്. അമേരിക്കയ്ക്ക് ഇത് ലജ്ജാകരമായ ദിവസമാണെന്നും അദ്ധേഹം എക്സിൽ കുറിച്ചു.

ഗാസയിലെ വെടിനിർത്തൽ ചർച്ചകൾക്കിടെ ഡോണൾഡ് ട്രംപും നെതന്യാഹുവും കൂടിക്കാഴ്ച നടത്തിയിരുന്നു. വൈറ്റ് ഹൗസിൽ വെച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്. ഗാസയിൽ നല്ലത് സംഭവിക്കട്ടെയെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പ്രസിഡന്റ് ട്രംപിൻ്റെ പ്രതികരണം. പലസ്തീനികൾക്ക് സ്വാതന്ത്ര്യമുള്ള ഭാവി ഉണ്ടാകുമെന്ന് നെതന്യാഹുവും പ്രതികരിച്ചു.