ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ ഭീകരനായ ഹാപ്പി പാസിയയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കൈമാറാന്‍ ഒരുങ്ങുന്നതായി കേന്ദ്ര സുരക്ഷാ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ അമേരിക്കയില്‍ കസ്റ്റഡിയിലുള്ള പാസിയയെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെത്തിക്കും. ഇന്ത്യന്‍ അധികൃതരുമായി നടത്തിയ നിരന്തര ഏകോപനത്തിനൊടുവിലാണ്, ഏപ്രില്‍ 17-ന് കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ വെച്ച് അമേരിക്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഇയാളെ അറസ്റ്റ് ചെയ്തത്.
പഞ്ചാബില്‍ പോലീസ് സ്റ്റേഷനുകള്‍, പ്രധാന പൊതു സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരവധി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത കേസുകളില്‍ പാസിയ പ്രതിയാണ്. 2023-നും 2025-നും ഇടയില്‍, പഞ്ചാബിലും മറ്റ് സംസ്ഥാനങ്ങളിലുമായി നടന്ന ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍, പോലീസ് സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ഗ്രനേഡ് ആക്രമണങ്ങള്‍, കൊള്ളയടിക്കല്‍ എന്നിവ സംഘടിപ്പിക്കുന്നതില്‍ പാസിയക്ക് മുഖ്യ പങ്കുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഖലിസ്ഥാനി ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി (BKI) ഹാപ്പി പാസിയ സഹകരിച്ചതായും സംശയിക്കപ്പെടുന്നതായി പഞ്ചാബിലെ ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിലെത്തിച്ച് കഴിഞ്ഞാല്‍ ഹാപ്പി പാസിയെ കോടതികാലില്‍ ഹാജരാക്കി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (UAPA) ഉള്‍പ്പെടെ ഒന്നിലധികം തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാനുമാണ് തീരുമാനം.