മൺട്രിയോൾ : ആഗോള ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാറ്റിൻ അമേരിക്കയിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കാനൊരുങ്ങി എയർ കാനഡ. ഈ ശൈത്യകാലത്ത് മൺട്രിയോളിൽ നിന്നും ടൊറന്റോയിൽ നിന്നും ആഴ്ചയിൽ രണ്ട് തവണ ലിമയിലേക്ക് (പെറു) നോൺ-സ്റ്റോപ്പ് സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ കാനഡ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര താരിഫുകളും കാനഡ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന ട്രംപിന്റെ പരാമർശങ്ങളും കാരണം കാനഡക്കാർ യുഎസിലേക്കുള്ള യാത്രകൾ ഒഴിവാക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

മൺട്രിയോൾ-ബെലീസ്, ടൊറന്റോ-പ്യൂർട്ടോ എസ്കോൺഡിഡോ, വൻകൂവർ-ടെപിക്, റിവിയേര നയാരിറ്റ് എന്നിവയുൾപ്പെടെ മധ്യ അമേരിക്കയിലേക്കും മെക്സിക്കോയിലേക്കും മൂന്ന് പുതിയ റൂട്ടുകളും വിമാനക്കമ്പനി ചേർക്കുന്നുണ്ട്. തെക്കേ അമേരിക്കയിലെയും മധ്യ അമേരിക്കയിലെയും മെക്സിക്കോയിലെ ഓക്‌സാക്ക, പസഫിക് തീരപ്രദേശങ്ങളിലെയും അവധിക്കാല കേന്ദ്രങ്ങളിലേക്കുള്ള വർധിച്ചുവരുന്ന ആവശ്യം മുന്നിൽക്കണ്ടാണ് ഈ നീക്കമെന്ന് എയർ കാനഡ പറയുന്നു. ഈ ശൈത്യകാലത്ത് ലാറ്റിൻ അമേരിക്കയിലേക്കും കരീബിയൻ മേഖലയിലേക്കുമായി 52 ലക്ഷ്യസ്ഥാനങ്ങളിലേക്ക് അൻപത്തി അഞ്ചിലധികം അധികം പ്രതിദിന ഫ്ലൈറ്റുകൾ നൽകാനാണ് എയർ കാനഡ പദ്ധതിയിടുന്നത്.