ടൊറൻ്റോ : കഴിഞ്ഞ വർഷം നഗരത്തിലെ ഒരു കടയിൽ നിന്നും 50 ലക്ഷം ഡോളർ വിലമതിക്കുന്ന വാച്ചുകൾ മോഷണം പോയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ടൊറന്റോ സ്വദേശിയായ ഡാനിയൽ ജമീൽ, ക്ലാരിംഗ്ടൺ സ്വദേശി ക്രിസ്റ്റ്യൻ കോളിൻസ് എന്നിവരാണ് അറസ്റ്റിലായത്. സ്പാഡിന റോഡിനും അഡ്ലെയ്ഡ് സ്ട്രീറ്റിനും സമീപമുള്ള കടയിൽ 2023 ഒക്ടോബർ 30-ന് ആയിരുന്നു സംഭവം.
പ്രതികൾ കടയിലേക്ക് അതിക്രമിച്ച് കടക്കുകയും ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 50 ലക്ഷം ഡോളർ വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മോഷണം പോയ വാച്ചുകൾ പൊലീസ് പിന്നീട് കണ്ടെടുത്തു. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്ത് കടത്തൽ, കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച വരുമാനം കൈവശം വയ്ക്കൽ, തോക്ക് ഉപയോഗിച്ചുള്ള കവർച്ച, തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.