ടൊറൻ്റോ : ഇന്ന് പുലർച്ചെ ഗാർഡിനർ എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ മധ്യവയസ്ക മരിച്ചു. ഒരു കുട്ടി ഉൾപ്പെടെ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. പുലർച്ചെ രണ്ടു മണിയോടെ സ്ട്രച്ചൻ അവന്യൂവിന് സമീപം എക്സ്പ്രസ് വേയുടെ കിഴക്കോട്ടുള്ള റോഡിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം.
അപകടത്തിൽ ഗുരുതരാവസ്ഥയിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടൊറൻ്റോ പാരാമെഡിക്കുകൾ പറയുന്നു. ഇതിൽ 50 വയസ്സുള്ള സ്ത്രീ പിന്നീട് മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. നാല്പതിനും ഇരുപതിനും ഇടയിൽ പ്രായമുള്ള മറ്റു രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ ഉൾപ്പെട്ട കാറിൽ ഉണ്ടായിരുന്ന പെൺകുട്ടിയും 40 വയസ്സുള്ള ഒരു പുരുഷനും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.
ഗാർഡിനർ എക്സ്പ്രസ് വേയിൽ രണ്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടതായി ടൊറൻ്റോ പൊലീസ് സ്ഥിരീകരിച്ചു. ഒരു വാഹനത്തിന്റെ ഡ്രൈവർ അപകടശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടെങ്കിലും പിന്നീട് അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് അടച്ച റോഡുകൾ രാവിലെ ഏഴു മണിയോടെ വീണ്ടും തുറന്നു.