ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയായോ എന്നറിയിക്കാന്‍ ഇ.ഡിയ്ക്ക് സുപ്രീം കോടതി നിര്‍ദേശം. ഇ.ഡിക്കുവേണ്ടി ഈ കേസില്‍ ഹാജരാകുന്ന സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്കാണ് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.
കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി നല്കിയ ട്രാന്‍സ്ഫര്‍ ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോഴാണ് സുപ്രീം കോടതി അന്വേഷണ പുരോഗതി ആരാഞ്ഞത്. തുഷാര്‍ മേത്ത ഡല്‍ഹിയില്‍ ഇല്ലാത്തതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ജൂനിയര്‍ അഭിഭാഷകന് കോടതിയോട് അഭ്യര്‍ഥിച്ചു. സുപ്രീം കോടതി ഈ ആവശ്യം അംഗീകരിച്ചിട്ടുണ്ട്.
27 പ്രതികള്‍ ഉള്ള കേസില്‍ വെറും നാലുപേരെയാണ് ഇ.ഡി ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിരിക്കുന്നതെന്ന് എം. ശിവശങ്കറിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ജയന്ത് മുത്തുരാജ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണ മാറ്റുന്നതിനുമുമ്പ് മുഴുവന്‍ പ്രതികളെയും കേള്‍ക്കണം എന്നതാണ് കീഴ്വഴക്കമെന്നും അദ്ദേഹം പറഞ്ഞു. വാദം കേള്‍ക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.