ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ എപിജെ അബ്ദുൾ കലാമിൻ്റെ ഓർമകൾക്ക് ഇന്ന് ഒൻപത് വയസാകുന്നു. എല്ലാവർക്കും പ്രിയങ്കരനായിരുന്ന രാഷ്ട്രപതി. ഒരു തലമുറയെ തന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച ക്രാന്തദർശിയായി. രാജ്യത്തിനും വരും തലമുറയ്ക്കും വിദ്യാർഥികൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള കലാമിന്റെ പ്രയത്നങ്ങൾ എന്നും ഈ രാജ്യം കപ്പാടോടെ ഓർക്കുകതന്നെ ചെയ്യും.
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ എപിജെ അബ്ദുൽ കലാം. ഒരു ശരാശരി ഭാരതീയന് നേടാവുന്നതിലപ്പുറം കീഴടക്കി, ഒരു കാലഘട്ടത്തിന്റെ തന്നെ പ്രചോദനമായി മാറുമ്പോഴും മനസ്സിൽ എന്നും, തീർത്തും സാധാരണക്കാരനായ രാമേശ്വരംകാരൻ. ജൈനുലബ്ദീന്റെയും ആഷിയമ്മയുടെയും ഇളയമകനായി ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു ജീവിച്ച കലാമിന്റെ ജീവിതവും ഭാവിയും രൂപീകരിക്കുന്നതിൽ രാമേശ്വരത്തിനും മാതാപിതാക്കൾക്കും കൂട്ടുകാർക്കുമെല്ലാം വലിയ പങ്കുണ്ട്. വലിയ സ്വപ്നങ്ങൾ കാണുന്നത് ശീലമാക്കിയ കലാം തന്റെ ജീവിതത്തിൽ കൂടെകൂട്ടിയത് വിമാനം പറത്തണമെന്ന ഒറ്റ മോഹം.
1960 -ൽ ഡിആര്‍ഡിഒയുടെ (DRDO) ശാസ്ത്രജ്ഞനായിട്ടാണ് കലാമിന്റെ സുദീർഘമായ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പിന്നീട് 1969 -ൽ ഐഎസ്ആർഒയിലേക്ക്. കലാമിന്റെ പ്രധാന കർമ്മ മണ്ഡലങ്ങളിലൊന്നായി തുമ്പ മാറുകയായിരുന്നു.
രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ ഉപഗ്രഹം വിക്ഷേപണ വാഹനംഎസ്എൽവി 3 യുടെ (SLV3) പ്രൊജക്റ്റ് ഡയറക്ടറായിരുന്നു കലാം. പിന്നീട് ഡിആര്‍ഡിഒയുടെ ഇന്റഗ്രേറ്റഡ് ഗൈയ്ഡഡ് മിസൈല്‍ പ്രോഗ്രാമിന്റെ തലപ്പത്തേക്ക് കലാമെത്തിയ കാലഘട്ടത്തിലാണ് അഗ്നി, പൃഥ്വി ഉൾപ്പെടെയുള്ള ഇന്ത്യയുടെ സ്വപ്ന പദ്ധതികൾ യാഥാർഥ്യമായത്. തന്റെ രാജ്യത്തിന്റെ അതിരില്ലാത്ത സാധ്യതകളിൽ ഉള്ള വിശ്വാസമാണ് മറ്റ് രാജ്യങ്ങളെ പോലും വെല്ലുവിളിച്ച് പൊക്രാന്‍ 2 (Pokhran 2) ഉൾപ്പെടെയുള്ള ആണവ പരീക്ഷണങ്ങൾക്ക് കലാമിന് ധൈര്യം നൽകിയത്. ഐഐഎം ഷില്ലോംഗിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് ഡോ എപിജെ അബ്ദുൾ കലാം മരണത്തിന് കീഴടങ്ങുകയായിരുന്നു.