ഡൽഹി: നീതി ആയോഗ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അഞ്ച് മിനിറ്റ് മാത്രമേ യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചുള്ളൂവെന്നും ഇത് അപമാനകരമാണെന്നും മമത തുറന്നടിച്ചു. ഇന്ത്യ മുന്നണിയിൽ നിന്ന് മമത മാത്രമായിരുന്നു യോഗത്തിൽ പങ്കെടുത്തിരുന്നത്.
ബി.ജെ.പി മുഖ്യമന്ത്രിമാരെ 15 മിനിറ്റ് സംസാരിക്കാൻ അനുവദിച്ചുവെന്നും താന്‍ സംസാരിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ മൈക്ക് ഓഫ് ചെയ്തെന്നും മമത പറഞ്ഞു. എതിര്‍പ്പ് ഉന്നയിക്കാന്‍ പോലും അവസരമുണ്ടായില്ല. വിവേചനം അംഗീകരിക്കില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘സംസ്ഥാനങ്ങളെ വിവേചനത്തോടെ കാണരുതെന്ന് ഞാൻ കേന്ദ്രസർക്കാരോട് പറഞ്ഞു. എനിക്ക് കൂടുതൽ സംസാരിക്കണമായിരുന്നു, എന്നാൽ എന്റെ മൈക്ക് നിശബ്ദമാക്കി. അഞ്ച് മിനിറ്റ് മാത്രമാണ് എനിക്ക് സംസാരിക്കാൻ അവസരം തന്നത്. എനിക്ക് മുൻപുള്ളവർ 10 മുതൽ 20 മിനിറ്റ് വരെ സംസാരിച്ചു. പ്രതിപക്ഷത്ത് നിന്ന് ഞാൻ മാത്രമാണ് പങ്കെടുത്തത്, എന്നിട്ടും എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഇത് അപമാനകരമാണ്.’, മമത മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രബജറ്റിൽ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ നീതി ആയോഗത്തിൽ നിന്ന് വിട്ടുനിന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്ര മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്.