ഓട്ടവ : കാനഡയിലുടനീളം കാട്ടുതീ പുക പടരുന്നു. സെൻട്രൽ ഒൻ്റാരിയോ, വടക്കൻ നൂനവൂട്ട്, പ്രിൻസ് എഡ്വേഡ് ഐലൻഡ്, യൂകോണിൻ്റെ ഭൂരിഭാഗവും പ്രദേശങ്ങളും ഒഴിച്ച് കാനഡയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കാട്ടുതീ പുക ബാധിക്കുന്നതായി എൻവയൺമെൻ്റ് കാനഡ റിപ്പോർട്ട് ചെയ്തു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ കനേഡിയൻ അതിർത്തിക്ക് സമീപമുള്ള പ്രദേശങ്ങളിലും പുക വ്യാപിച്ചിട്ടുണ്ട്.
കാട്ടുതീ പുകയിൽ മുങ്ങിയ കാൽഗറി, എഡ്മിന്‍റൻ, റെജൈന, സാസ്കറ്റൂൺ എന്നീ നഗരങ്ങളിൽ എയർ ക്വാളിറ്റി ഹെൽത്ത് ഇൻഡക്‌സ് വളരെ ഉയർന്ന അപകടസാധ്യത ഉള്ളവയാണെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ബ്രിട്ടിഷ് കൊളംബിയ, ഒൻ്റാരിയോ, കെബെക്ക് എന്നീ പ്രവിശ്യകളിലെ നിവാസികളെയും കാട്ടുതീ പുക ബാധിക്കുന്നു. പ്രയറികളിലും കെബെക്ക്-ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ അതിർത്തിയിലും കാട്ടുതീ പുക അതിരൂക്ഷമായി ബാധിക്കുമെന്നും ഫെഡറൽ ഏജൻസി അറിയിച്ചു.
കാട്ടുതീ പുകയിലെ സൂക്ഷ്മ കണികകൾ ആരോഗ്യ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നും പുകയുടെ അളവ് കൂടുന്നതിനനുസരിച്ച് അപകട സാധ്യത വർധിക്കുമെന്നും ദേശീയ കാലാവസ്ഥാ ഏജൻസി പറയുന്നു. പ്രായമായവർ, ഗർഭിണികൾ, ശിശുക്കൾ, കുട്ടികൾ, വെളിയിൽ ജോലി ചെയ്യുന്നവർ, നിലവിൽ അസുഖങ്ങളോ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളോ ഉള്ളവർ എന്നിവർക്ക് കാട്ടുതീ പുക ഗുരുതര ആരോഗ്യപ്രതിസന്ധിക്ക് കാരണമാകും. കണ്ണ്, മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ അസ്വസ്ഥത അനുഭവപ്പെടുന്നവർ വൈദ്യസഹായം തേടണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. നെഞ്ചുവേദന അല്ലെങ്കിൽ കഠിനമായ ചുമ പോലുള്ള ഗുരുതരവും എന്നാൽ സാധാരണമല്ലാത്തതുമായ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഔട്ട്ഡോർ പ്രവർത്തനങ്ങൾ കുറയ്ക്കുകയോ നിർത്തുകയോ ചെയ്യണമെന്നും കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു.