ഓട്ടവ : കാനഡയിലെ ഏറ്റവും വലിയ രണ്ട് റെയിൽവേയെ സ്തംഭിപ്പിച്ച തൊഴിൽ തർക്കം പരിഹരിക്കാൻ രംഗത്തിറങ്ങി തൊഴിൽ മന്ത്രി സ്റ്റീവൻ മക് കിനോൺ. പണിമുടക്ക് അവസാനിപ്പിക്കാൻ കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡിനോട് ബൈൻഡിങ് ആർബിട്രേഷൻ ചുമത്താൻ ആവശ്യപ്പെട്ട മന്ത്രി ലേബർ കോഡിൻ്റെ സെക്ഷൻ 107 പ്രകാരമുള്ള തൻ്റെ അധികാരം വിനിയോഗിക്കുമെന്നും അറിയിച്ചു. പുതിയ കരാർ നിലവിൽ വരുന്നതുവരെ നിലവിലെ കൂട്ടായ കരാറുകളുടെ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തനം പുനരാരംഭിക്കാൻ റെയിൽവേയോട് ഉത്തരവിടാനും അദ്ദേഹം ബോർഡിനോട് ആവശ്യപ്പെട്ടു.
സർക്കാർ റെയിൽ പണിമുടക്ക് ഗൗരവത്തോടെയാണ് കാണുന്നതെന്നും, മന്ത്രി നേരിട്ട് ഇടപെടുന്നത് അതുകൊണ്ടാണെന്നും രാജ്യത്തുടനീളമുള്ള ജനങ്ങൾ ആശങ്കാകുലരാണെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു.
വേതനം, ഷിഫ്റ്റ് ഷെഡ്യൂളിങ്, തൊഴിലാളികളുടെ വിശ്രമ സമയം എന്നിവയുമായി ബന്ധപ്പെട്ട കരാർ ചർച്ചയിൽ കനേഡിയൻ നാഷണൽ റെയിൽവേ, കനേഡിയൻ പസഫിക് കൻസാസ് സിറ്റി എന്നീ റയിൽവേ കമ്പനികളിലെ ഏകദേശം 9,300 തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനുമായി ധാരണയിലെത്താത്തതിനെ തുടർന്ന് റെയിൽ സർവീസ് വ്യാഴാഴ്ച പുലർച്ചെ 12:01-ന് നിലച്ചിരുന്നു.