ഓട്ടവ : തൊഴിൽ തർക്കം അവസാനിപ്പിക്കാൻ ഇടപെടുമെന്ന് ഫെഡറൽ ഗവൺമെൻ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ കാനഡയിലെ രണ്ട് വലിയ റെയിൽവേ കമ്പനികൾ ട്രെയിനുകൾ വീണ്ടും ഓടിക്കാൻ തയ്യാറെടുക്കുന്നു. ഇന്ന് രാവിലെ ആരംഭിച്ച തൊഴിലാളികളുടെ ലോക്കൗട്ട് അവസാനിപ്പിച്ചതായി കനേഡിയൻ നാഷണൽ റെയിൽവേ കമ്പനി അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ സാരമായി ബാധിക്കുന്നതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് കമ്പനി പറയുന്നു. അതേസമയം, പ്രവർത്തനം പുനരാരംഭിക്കാൻ തയ്യാറെടുക്കുകയാണെന്ന് കനേഡിയൻ പസഫിക് കൻസാസ് സിറ്റിയും അറിയിച്ചിട്ടുണ്ട്. ഫെഡറൽ ഗവൺമെൻ്റ് ഇടപെടലിലൂടെ തൊഴിൽ സംഘർഷം അവസാനിച്ചെങ്കിലും പുതിയ കരാറിലെത്താതിൽ നിരാശയുണ്ടെന്ന് കനേഡിയൻ നാഷണൽ റെയിൽവേ അറിയിച്ചു.
പണിമുടക്ക് അവസാനിപ്പിക്കാൻ കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡിനോട് ബൈൻഡിങ് ആർബിട്രേഷൻ ചുമത്താൻ ആവശ്യപ്പെട്ട ഫെഡറൽ തൊഴിൽ മന്ത്രി സ്റ്റീവൻ മക് കിനോൺ, ലേബർ കോഡിൻ്റെ സെക്ഷൻ 107 പ്രകാരമുള്ള തൻ്റെ അധികാരം വിനിയോഗിക്കുമെന്നും അറിയിച്ചിരുന്നു. പുതിയ കരാർ നിലവിൽ വരുന്നതുവരെ നിലവിലെ കൂട്ടായ കരാറുകളുടെ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തനം പുനരാരംഭിക്കാൻ റെയിൽവേയോട് ഉത്തരവിടാനും അദ്ദേഹം ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.