ഓട്ടവ : രാജ്യത്തെ നിക്കോട്ടിൻ പൗച്ചുകളുടെ വിൽപ്പന നിയന്ത്രിക്കുമെന്ന് കാനഡ ആരോഗ്യമന്ത്രി മാർക്ക് ഹോളണ്ട്. യുവാക്കൾക്കിടയിൽ നിക്കോട്ടിൻ റീപ്ലേസ്മെൻ്റ് തെറാപ്പി (എൻആർടി) വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുന്ന നടപടികളിൽ കർശനമായ പരസ്യ നിയന്ത്രണം, ചില സുഗന്ധങ്ങൾ നിരോധിക്കുക, ഫാർമസികൾ വഴിയുളള വിൽപ്പന കുറയ്ക്കൽ തുടങ്ങിയവ ഉൾപ്പെടുന്നതായി മാർക്ക് ഹോളണ്ട് അറിയിച്ചു.
ഫുഡ് ആൻ്റ് ഡ്രഗ്സ് ആക്റ്റ് പ്രകാരം നിയന്ത്രിണത്തിലുള്ള പുകവലി നിർത്തുന്നതിനായുള്ള നിക്കോട്ടിൻ പൗച്ചുകൾക്ക് 2023 ഒക്ടോബറിൽ ഹെൽത്ത് കാനഡ അംഗീകാരം നൽകിയിരുന്നു. ഒപ്പം ട്രോപിക് ബ്രീസ്, ബെറി ഫ്രോസ്റ്റ് തുടങ്ങിയ രുചിയുള്ള പൗച്ചുകൾ വിൽക്കുന്ന ഇംപീരിയൽ ടൊബാക്കോയിൽ നിന്നുള്ള ഒരു ഫ്ലേവർഡ് നിക്കോട്ടിൻ പൗച്ചായ സോണിക്കിൻ്റെ വിൽപ്പനയ്ക്ക് ഹെൽത്ത് കാനഡ അംഗീകാരം നൽകി.
അംഗീകൃത പൗച്ചിൽ ഒരു ഡോസിന് നാല് മില്ലിഗ്രാം നിക്കോട്ടിൻ അടങ്ങിയിട്ടുണ്ട്. ഏകദേശം മൂന്ന് മുതൽ നാല് സിഗരറ്റുകൾക്ക് തുല്യമാണിത്. മോണയ്ക്കും കവിളിനും മുകളിലോ താഴത്തെ ചുണ്ടിലോ വെയ്ക്കുകയാണ് പതിവ്. 18 വയസ്സിന് താഴെയുള്ളവർക്ക് നിക്കോട്ടിൻ പൗച്ചുകൾ ഉപയോഗിക്കാൻ അനുമതിയില്ല. എന്നാൽ ഈ പൗച്ചുകൾ യുവാക്കൾക്കിടയിൽ പ്രചാരത്തിലായിട്ടുണ്ടെന്നും അത് ആസക്തിയിലേക്ക് നയിച്ചേക്കാമെന്നും ഹെൽത്ത് കാനഡ പറയുന്നു.