ഓട്ടവ : ഉയർന്ന പലിശനിരക്ക് തുടർന്നതിനാൽ ജൂണിൽ കാനഡയിലെ റീട്ടെയിൽ വിൽപ്പന കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. പുതിയ കാർ വിൽപ്പനയിൽ ഇടിവുണ്ടായതിനെത്തുടർന്ന് ആ മാസം റീട്ടെയിൽ വിൽപ്പന 0.3% ഇടിഞ്ഞ് 6,570 കോടി ഡോളറിലെത്തി. പുതിയ കാർ വിൽപ്പന 2.9 ശതമാനവും യൂസ്ഡ് കാർ വിൽപ്പന 0.6 ശതമാനവും ഇടിവ് രേഖപ്പെടുത്തി. കൂടാതെ മോട്ടോർ വാഹന, പാർട്സ് വിൽപ്പന 2.1% ഇടിഞ്ഞതായും ഫെഡറൽ ഏജൻസി അറിയിച്ചു.
കാർ ഡീലർഷിപ്പുകളിലെ സോഫ്റ്റ്വെയർ തകരാർ വാഹന വിൽപ്പനയിലെ ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടുമ്പോളും സാമ്പത്തിക പ്രതിസന്ധിയും റീട്ടെയിൽ വിൽപ്പനയിലെ ഇടിവിന് കാരണമായതായി സാമ്പത്തിക വിദഗ്ധർ പറയുന്നു. ഒമ്പത് ഉപമേഖലകളിൽ നാലിലും വിൽപ്പന കുറഞ്ഞതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. 2020 മാർച്ചിന് ശേഷം ആദ്യമായി ജൂണിൽ, ബാങ്ക് ഓഫ് കാനഡ അതിൻ്റെ പ്രധാന പലിശ നിരക്ക് 4.75 ശതമാനമായി കുറച്ചു. ജൂലൈയിൽ ബാങ്ക് നിരക്ക് വീണ്ടും 4.5 ശതമാനമായി താഴ്ത്തി.