ടൊറന്റോ : ദേശീയ റെയിൽ പണിമുടക്കിനെ തുടർന്ന് നിർത്തിവച്ചിരുന്ന മിൽട്ടൺ ലൈനിൽ നിന്നും ഹാമിൽട്ടൺ GO സെൻ്ററിലേക്കുള്ള ട്രെയിൻ സർവീസ് തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് GO ട്രാൻസിറ്റ് അധികൃതർ വ്യക്തമാക്കി.തൊഴിൽ തടസ്സം നേരിടുന്ന സമയത്ത് ക്ഷമയോടെ സഹിച്ച എല്ലാ ഉപഭോക്താക്കളോടും നന്ദി അറിയിക്കുന്നതായും മിൽട്ടൺ ലൈനിലും ഹാമിൽട്ടൺ ജിഒ സെൻ്ററിലും സാധാരണ സേവനം പുനരാരംഭിക്കാൻ തങ്ങൾ തീരുമാനിച്ചതായും അധികൃതർ പ്രസ്താവനയിൽ പറയുന്നു.
ട്രെയിൻ ഗതാഗതം പുനരാരംഭിക്കുമ്പോഴും ഷെഡ്യൂളുകളിൽ ചില ക്രമീകരണങ്ങൾ ഉണ്ടാകുമെന്നും അതിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായാൽ ആവശ്യമായ മറ്റ് വഴികൾ തേടുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
വേതനം, ഷിഫ്റ്റ് ഷെഡ്യൂളിങ്, തൊഴിലാളികളുടെ വിശ്രമ സമയം എന്നിവയുമായി ബന്ധപ്പെട്ട കരാർ ചർച്ചയിൽ കനേഡിയൻ നാഷണൽ റെയിൽവേ, കനേഡിയൻ പസഫിക് കൻസാസ് സിറ്റി എന്നീ റയിൽവേ കമ്പനികളിലെ ഏകദേശം 9,300 തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനുമായി ധാരണയിലെത്താത്തതിനെ തുടർന്ന് റെയിൽ സർവീസ് വ്യാഴാഴ്ച പുലർച്ചെ 12:01-ന് നിലച്ചിരുന്നു.തൊഴിൽ തർക്കം അവസാനിപ്പിക്കാൻ ഇടപെടുമെന്ന് ഫെഡറൽ ഗവൺമെൻ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ കാനഡയിലെ രണ്ട് വലിയ റെയിൽവേ കമ്പനികൾ ട്രെയിനുകൾ വീണ്ടും ഓടിക്കാൻ തയ്യാറെടുക്കുകയും തൊഴിലാളികളുടെ ലോക്കൗട്ട് അവസാനിപ്പിച്ചതായി കനേഡിയൻ നാഷണൽ റെയിൽവേ കമ്പനി അറിയിക്കുകയും ചെയ്തിരുന്നു.