ഉണക്കമീൻ ഇഷ്ടമില്ലാത്തവർ പൊതുവെ കുറവായിരിക്കും. പ്രോട്ടീനുകളുടെയും ഒമേഗ 3 ഫാറ്റി ആസിഡുകളുടെയും മികച്ച കലവറ കൂടിയാണ് മത്സ്യങ്ങൾ. പച്ച മീനിനെപ്പോലെ തന്നെ ഉണക്കമീനുകൾ ഇഷ്ടമുള്ളവരും ധാരളമുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ കടകളില്‍ നിന്നും വാങ്ങുന്ന ഉണക്കമീനുകളില്‍ ഉപ്പ് കൂടുതലായിരിക്കും. ഉപ്പ് കൂടിയ ഉണക്കമീന്‍ പൊരിച്ചാലും കറിവെച്ചാലും പണികിട്ടും.
അത്തരത്തില്‍ വിഷമിക്കുന്നവര്‍ക്ക് ഉണക്ക മീനിലെ ഉപ്പ് കുറയാന്‍ ഒരു അടുക്കള വിദ്യ പറഞ്ഞുതരാം. ഉണക്ക മീന്‍ കഴുകുന്ന വെള്ളത്തില്‍ മീനിനൊപ്പം കുറച്ചു പേപ്പര്‍ കഷ്ണങ്ങള്‍ ഇട്ടു വെച്ചാല്‍ അധികമുള്ള ഉപ്പ് കുറയും. കൂടാതെ ഉണക്ക മീനിൻ്റെ ഉളുമ്പ് ഗന്ധം മാറിക്കിട്ടാന്‍ കഷണങ്ങള്‍ ആക്കി മുറിച്ച ശേഷം നാരങ്ങ നീരും ഉപ്പും കലര്‍ത്തിയ വെള്ളത്തില്‍ മൂന്ന് മിനിറ്റ് ഇട്ട ശേഷം കഴുകിയെടുക്കുക.
മീനുകൾ കുറേ കാലം കേടുകൂടാതെ ഇരിക്കാൻ വേണ്ടി ഉപ്പിട്ടാണ് ഉണക്കിയെടുക്കുന്നത്. ഉണങ്ങിയ മത്സ്യത്തിൽ ഉപ്പിൻ്റെ അളവ് വളരെ കൂടുതലാണ്. അതായത് സോഡിയത്തിൻ്റെ അളവ് ഒരാൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതലായിരിക്കും ഇവയിൽ അടങ്ങിയിരിക്കുന്നത്. ഇവ സ്ഥിരമായി കഴിക്കുമ്പോൾ ബി.പി ഉയരുകയും രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുമെന്ന് ബ്ലഡ് പ്രഷർ യു.കെ റിപ്പോർട്ട് ചെയ്യുന്നു. രക്തസമ്മർദം ഉയരുന്നത് സ്ട്രോക്ക് അല്ലെങ്കിൽ ഹൃദയാഘാത സാധ്യത വർധിപ്പിക്കും.
ഇതിന് പുറമെ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാകുന്ന പല ഉണക്കമീനുകളും ഉപ്പിന് പകരം പല രാസവസ്തുക്കളും ചേർത്താണ് ഉണക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. നല്ല മീനുകള്‍ക്ക് പകരം ചീഞ്ഞ മീനുകളാണ് ഉണക്കിയെടുക്കുന്നത്. കൂടാതെ വൃത്തിഹീനമായി ഉണക്കുന്ന മീനുകളിൽ പലപ്പോഴും ബാക്ടീരിയയും മറ്റ് രോഗാണുക്കളും അടങ്ങിയിട്ടുണ്ടാകും. ഇത് ശരീരത്തിലെത്തിയാൽ പല രോഗങ്ങൾക്കും കാരണമാകും. അതുകൊണ്ട് തന്നെ കടയില്‍ നിന്ന് വാങ്ങുന്ന ഉണക്കമീനുകളുടെ ഉപയോഗം കുറക്കുക എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം.