മീററ്റ്: ബഹുനില കെട്ടിടം തകർന്ന് ഉത്തർപ്രദേശിൽ 10 മരണം. ഉത്തർപ്രദേശിൽ മീററ്റിലെ ലോഹ്യ നഗറിലാണ് അപകടം സംഭവിച്ചത്. അപകട സ്ഥലത്തു കുടുങ്ങി കിടന്ന നിരവധി പേരെ രക്ഷിച്ചു. ഇനിയും ആളുകൾ കുടുങ്ങികിടക്കുന്നുണ്ട് എന്നാണ് വിവരം. രക്ഷ പ്രവർത്തനം തുടരുകയാണ്. ഇന്നലെ രാത്രിയോടെയാണ് മൂന്നു നില കെട്ടിടം തകർന്ന് അപകടം ഉണ്ടായത്. ഒന്നര വയസ്സുള്ള കുട്ടിയുൾപ്പടെ അഞ്ച് കുട്ടികൾ മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിൽ പരിക്കേറ്റവർ ലാലാ ലജ്പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

എൻഡിആർഎഫ്, അഗ്നിശമന സേന, പൊലീസ് സംഘങ്ങൾ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന മഴയാണ് അപകടത്തിന് കാരണമെന്ന് സൂചന.