ഓട്ടവ : ദ്വിദിന സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി ഇന്ന് കാനഡയിൽ എത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഓഫിസ് അറിയിച്ചു. കാനഡയിലേക്കുള്ള ആദ്യ ഔദ്യോഗിക യാത്രയില്‍ തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി ജസ്റ്റിന് ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തും. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ബിന്‍ ജാസിം അല്‍ താനിയും ഔദ്യോഗിക സംഘവും അമീറിനൊപ്പം കാനഡയിൽ എത്തുന്നുണ്ട്.
ഗാസയിലെയും അഫ്ഗാനിസ്ഥാനിലെയും യുക്രെയ്നിലെയും നിലവിലെ സ്ഥിതിഗതികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇസ്രയേൽ-ഹമാസ് വെടിനിര്‍ത്തലിന് അമേരിക്കയും ഖത്തറും ഈജിപ്തുമാണ് മാസങ്ങളായി മധ്യസ്ഥത വഹിക്കുന്നത്. വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ ഇരു രാജ്യങ്ങളും സഹകരണത്തോടെ പ്രവർത്തിക്കുമെന്ന് ട്രൂഡോ പ്രസ്താവനയില്‍ പറഞ്ഞു.