ഓട്ടവ : റഷ്യയിൽ ഒരു കനേഡിയൻ പൗരൻ മരിച്ചതായി സ്ഥിരീകരിച്ച് ഗ്ലോബൽ അഫയേഴ്സ് കാനഡ. ഉക്രെയ്ൻ-റഷ്യ അതിർത്തിയിലെ ബ്രയാൻസ്ക് മേഖലയിൽ ഞായറാഴ്ചയുണ്ടായ വെടിവെപ്പിൽ കനേഡിയൻ പൗരൻ ഉൾപ്പെടെ നാല് വിദേശികൾ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, കൊല്ലപ്പെട്ട കനേഡിയൻ പൗരൻ ഉക്രെയ്നന് വേണ്ടി യുദ്ധത്തിനിറങ്ങിയ നാല് വിദേശ പോരാളികളിൽ ഉൾപ്പെട്ട ആളാണോ എന്ന് ഗ്ലോബൽ അഫയേഴ്സ് കാനഡ വ്യക്തമാക്കിയിട്ടില്ല.
നാല് വിദേശികളെ ഞായറാഴ്ച ബ്രയാൻസ്ക് മേഖലയിൽ നിന്നും അതിർത്തി ഏജൻ്റുമാരും സൈനികരും വധിച്ചതായി കാനഡയിലെ റഷ്യൻ എംബസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട നാലുപേരുടെയും കൈവശം വിദേശ നിർമ്മിത ആയുധങ്ങളും കനേഡിയൻ പതാകയും പോളിഷ് ഭാഷയിൽ എഴുതിയ പ്രാർത്ഥനാ പുസ്തകവും ഉൾപ്പെടെയുള്ള വ്യക്തിഗത വസ്തുക്കളും ഉണ്ടായിരുന്നുവെന്ന് റഷ്യൻ എംബസി പ്രസ്താവനയിൽ പറയുന്നു. കൊല്ലപ്പെട്ട സൈനികരിലൊരാൾ യുഎസ് ആർമി പാരച്യൂട്ട് റെജിമെൻ്റിൽ അംഗമാണെന്നും പറയുന്നു.