വിക്ടോറിയ : മുൻ ബ്രിട്ടിഷ് കൊളംബിയ പ്രീമിയറും ജർമ്മനിയിലെ കാനഡയുടെ അംബാസഡറുമായ ജോൺ ഹോർഗൻ അന്തരിച്ചു. 65 വയസ്സായിരുന്നു. 2017 മുതൽ 2022 വരെ ബ്രിട്ടിഷ് കൊളംബിയയുടെ പ്രീമിയറായി സേവനമനുഷ്ഠിച്ച അദ്ദേഹം ജൂണിൽ തൈറോയ്ഡ് കാൻസർ സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ അഞ്ച് മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിക്ടോറിയയിലെ ബിസി കാൻസർ സെൻ്ററിൽ വച്ചായിരുന്നു അന്ത്യം.
2017-ലെ തിരഞ്ഞെടുപ്പിന് ശേഷം 87 സീറ്റുകളിൽ 41 എണ്ണം നേടി, ബിസി ഗ്രീൻസിൻ്റെ പിന്തുണയോടെ 16 വർഷത്തിനിടെ ആദ്യമായി ബിസി എൻഡിപിയെ ജോൺ ഹോർഗൻ നിയമസഭയിലേക്ക് നയിച്ചു. 2020 ഒക്‌ടോബറിൽ പെട്ടെന്നുള്ള തിരഞ്ഞെടുപ്പിൽ പാർട്ടിയെ ഭൂരിപക്ഷ സർക്കാരിലേക്ക് നയിച്ചുകൊണ്ട് അദ്ദേഹം ഭരണത്തുടർച്ച നേടി. ബ്രിട്ടിഷ് കൊളംബിയയുടെ ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച പ്രീമിയർമാരിൽ ഒരാളായിരുന്നു ഹോർഗൻ.
2021-ൽ ഹോർഗന് തൊണ്ടയിൽ കാൻസർ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് വിക്ടോറിയ കാൻസർ ക്ലിനിക്കിൽ ചികിത്സ ആരംഭിച്ചു. കടുത്ത രോഗബാധയെ തുടർന്ന് 2022-ൽ അദ്ദേഹം പ്രീമിയർ സ്ഥാനം ഒഴിഞ്ഞു. ഭാര്യ എല്ലി. മക്കൾ : നേറ്റ്, ഇവാൻ