വിനിപെഗ് : വയോധികയെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ നാല് കൗമാരക്കാരെ അറസ്റ്റ് ചെയ്തതായി വിനിപെഗ് പൊലീസ് സർവീസ് (WPS). ഞായറാഴ്ച വൈകിട്ട് ഏഴരയോടെ മെയിൻ സ്ട്രീറ്റിലെ 500 ബ്ലോക്കിലുള്ള ഒരു ബെഞ്ചിലിരിക്കുമ്പോളാണ് 62 വയസ്സുള്ള വയോധിക ആക്രമിക്കപ്പെട്ടത്.
തനിച്ചിരിക്കുകയായിരുന്ന വയോധികയെ ഒരു പ്രകോപനവുമില്ലാതെ പ്രതികൾ ആക്രമിക്കുകയായിരുന്നു. പ്രതികൾ അവരുടെ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. എന്നാൽ, മോഷണ ശ്രമം പരാജയപ്പെട്ടതോടെ വയോധികയെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. തുടർന്ന് സംഭവസ്ഥലത്ത് നിന്നും പോയ പ്രതികൾ കുറച്ച് കഴിഞ്ഞ് തിരിച്ചെത്തി, സ്ത്രീയെ ആക്രമിക്കുന്നത് തുടർന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ സമീപ പ്രദേശത്ത് നിന്നും 14-നും 17-നും ഇടയിൽ പ്രായമുള്ള നാല് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. നിസാരമായി പരുക്കേറ്റ വയോധികയ്ക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകി.