നടനും സംവിധായകനുമായ ബേസിൽ ജോസഫാണല്ലോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ട്രോൾ ഗ്രൂപ്പുകളിലെ താരം. ബേസിലിനെ ചുറ്റിപ്പറ്റിയാണ് സാമൂഹികമാധ്യമങ്ങളിലെ ട്രോളുകള്‍ മുഴുവനും. കോഴിക്കോട് നടന്ന സൂപ്പര്‍ലീഗ് ഫുട്‌ബോളിൻ്റെ ഫൈനലിൻ്റെ സമാപനച്ചടങ്ങിനിടെ ഒരു താരത്തിനുനേരെ ബേസില്‍ ജോസഫ് കൈനീട്ടിയിട്ടും അത് കാണാതെ സമീപത്തുണ്ടായിരുന്ന നടന്‍ പൃഥ്വിരാജിന് താരം കൈകൊടുത്തതുമാണ് ട്രോളുകള്‍ക്കിടയാക്കിയത്. ഇതിൻ്റെ വീഡിയോയും ട്രോളുകളും കഴിഞ്ഞദിവസം മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിൻ്റെ ഫൈനൽ വേദിയില്‍ ട്രോളുകൾക്ക് ആധാരമായ സംഭവം അരങ്ങേറിയത്. കാലിക്കറ്റ് എഫ്സി – ഫോഴ്‌സ കൊച്ചി മത്സരം കാണുന്നതിന് ഫോഴ്‌സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജും കാലിക്കറ്റ് എഫ്‌സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും എത്തിയിരുന്നു. സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് ആ താരം മടങ്ങി.
സഞ്ജു സാംസണും ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ അത് സോഷ്യൽ മീഡിയയ്ക്ക് ആഘോഷമായി മാറി. ടൊവിനോ തോമസ് ചിരിക്കുന്ന ഇമോജി കമന്റ് ചെയ്യുകയും അതിന് താഴെ ‘നീ പക പോക്കുകയാണല്ലേടാ’ എന്ന് ബേസിൽ മറുപടി കൊടുക്കുകയും ചെയ്തു. അതിന് മറുപടിയായി ടൊവിനോ ‘കർമ്മ ഈസ് എ ബീച്ച്’ എന്നും കമൻ്റിട്ടു. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി.

ശ്രീനിവാസനും മോഹല്‍ലാലും അഭിനയിച്ച ‘അക്കരെ അക്കരെ അക്കരെ’ സിനിമയിലെ മീമുകള്‍ക്കൊപ്പമാണ് ബേസിലിനും ട്രോളുകള്‍ കിട്ടിയത്. അതിനിടെ നേരത്തെ ടൊവിനോയ്ക്ക് സമാനസാഹചര്യമുണ്ടായപ്പോള്‍ ബേസില്‍ പൊട്ടിച്ചിരിച്ചതിൻ്റെ കര്‍മഫലമാണിതെന്നും സാമൂഹികമാധ്യമങ്ങളില്‍ കമന്റുകളുണ്ടായി.
ഒരു സിനിമയുടെ പൂജയ്ക്കിടെ ആരതി നല്‍കിയപ്പോള്‍ ടൊവിനോയെ കാണാതെ പൂജാരി കടന്നുപോയിരുന്നു. അന്ന് സമീപത്തുണ്ടായിരുന്ന ബേസില്‍ ജോസഫ് ടൊവിനോയെ നോക്കി പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ ബേസിലിന് സംഭവിച്ച അക്കിടിയെ ഈ സംഭവവുമായി ബന്ധപ്പെടുത്തിയാണ് പലരും ട്രോളിയത്.
എന്തായാലും ട്രോളുകള്‍ക്ക് പിന്നാലെ സൂപ്പര്‍ലീഗ് ഫൈനലില്‍ കാലിക്കറ്റ് എഫ്.സി. കപ്പടിച്ചതിൻ്റെ ആഹ്ലാദവും ട്രോളുകള്‍ക്കുള്ള മറുപടിയും പങ്കുവെച്ചിരിക്കുകയാണ് ബേസില്‍ ജോസഫ്. കാലിക്കറ്റ് എഫ്.സി.യുടെ ബ്രാന്‍ഡ് അംബാസിഡറായ ബേസില്‍ ജോസഫ് ഫൈനല്‍ മത്സരത്തിലെ ചിത്രങ്ങളും കപ്പടിച്ച ടീമിൻ്റെ ചിത്രങ്ങളുമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി ഗയ്‌സ്’ എന്നായിരുന്നു ബേസില്‍ പോസ്റ്റില്‍ കുറിച്ചത്.
ഒപ്പംതന്നെ ട്രോളിയ സുഹൃത്തുക്കളായ ടൊവിനോ തോമസിനെയും സഞ്ജു സാംസണിനെയും നടന്‍ ടാഗ് ചെയ്തിട്ടുമുണ്ട്. എന്തായാലും ബേസിലിൻ്റെ ഈ പോസ്റ്റില്‍ ‘കണ്‍ഗ്രാജുലേഷന്‍സ്’ എന്നായിരുന്നു ടൊവിനോയുടെ കമന്റ്. ഈ കമന്റിന് മാത്രം 11000-ലേറെ ലൈക്കുകളാണ് കിട്ടിയത്. ഈ കമന്റല്ല തങ്ങള്‍ പ്രതീക്ഷിച്ചതെന്നും ചിലര്‍ ടൊവിനോയുടെ കമന്റിന് മറുപടിയായി പറയുകയും ചെയ്തു.