മൺട്രിയോൾ : വാരാന്ത്യത്തിൽ മൺട്രിയോൾ തുറമുഖത്ത് പ്രവർത്തനം പുനരാരംഭിക്കും. ശനിയാഴ്ച രാവിലെ ഏഴു മണിക്ക് ജോലി പുനരാരംഭിക്കണമെന്ന് കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് (സിഐആർബി) പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്നാണിത്. സിഐആർബിയുടെ ഉത്തരവ് അനുസരിച്ച് തുറമുഖ ജീവനക്കാർക്ക് അവരുടെ അസൈൻമെൻ്റുകൾ നവംബർ 15 ന് വൈകിട്ട് ആറ് മണിക്ക് നൽകുമെന്ന് മാരിടൈം എംപ്ലോയേഴ്‌സ് അസോസിയേഷൻ (എംഇഎ) അറിയിച്ചു.
അന്തിമ കരാർ ഓഫർ നിരസിച്ച ആയിരത്തി ഇരുന്നൂറോളം മൺട്രിയോൾ തുറമുഖ ജീവനക്കാർ ഞായറാഴ്ച പണിമുടക്ക് ആരംഭിക്കുകയും തുടർന്ന് മാരിടൈം എംപ്ലോയേഴ്‌സ് അസോസിയേഷൻ ലോക്ക്ഔട്ട് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പണിമുടക്കിൽ ഇടപെട്ട ഫെഡറൽ തൊഴിൽ മന്ത്രി സ്റ്റീവൻ മക് കിനോൺ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഉത്തരവിടാൻ സിഐആർബിക്ക് നിർദ്ദേശം നൽകിയിരുന്നു. തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനും അസോസിയേഷനും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതോടെ ബൈൻഡിങ് ആർബിട്രേഷനിലേക്ക് നീങ്ങാൻ അദ്ദേഹം ഉത്തരവിട്ടു.