മൺട്രിയോൾ : വ്യാഴാഴ്ച മൺട്രിയോളിലെ സൗത്ത് ഷോർ ലോംഗ്യുയിലിലെ ലെ മോയിൻ സെക്ടറിൽ ട്രെയിൻ പാളം തെറ്റി ഹൈഡ്രജൻ പെറോക്സൈഡ് ചോർന്നതോടെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ പിൻവലിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ ഹൈവേ 116-ൻ്റെ തെക്ക് ഭാഗത്തുള്ള അവസാന ലോക്ക്ഡൗണും പിൻവലിച്ചതായി സിറ്റി അധികൃതർ അറിയിച്ചു. കൂടാതെ ഹൈവേ 116 ഇരു ദിശകളിലുമുള്ള ഗതാഗതത്തിനായി വീണ്ടും തുറന്നതായും അധികൃതർ വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് എട്ട് ട്രെയിൻ ബോഗികൾ പാളം തെറ്റിയത്. തീപിടുത്തമോ പരിക്കുകളോ ഉണ്ടായിട്ടില്ലെങ്കിലും മുൻകരുതൽ നടപടിയായി മൂന്ന് സിഎൻ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. ഹൈഡ്രജൻ പെറോക്സൈഡ് ചോർന്നതോടെ കനേഡിയൻ നാഷണൽ (സിഎൻ) റെയിൽ യാർഡിന് ചുറ്റും 800 മീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന പ്രാരംഭ കണ്ടെയ്ൻമെൻ്റ് സോണിൽ താമസിക്കുന്നവരോട് അവരുടെ ജനലുകളും വാതിലുകളും എയർ എക്സ്ചേഞ്ചറുകളും അടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു.