വാഷിങ്ടൻ : വാക്സിൻ വിരോധിയായ റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെ ആരോഗ്യവകുപ്പ് സെക്രട്ടറിയാക്കാൻ തീരുമാനിച്ച് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയെ വീണ്ടും ആരോഗ്യത്തിലേക്കെത്തിക്കാൻ ആർഎഫ്കെ സഹായിക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, നിയമനത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ആരോഗ്യമേഖലയിൽ നിന്ന് ഉയരുന്നത്. കെന്നഡിക്ക് മുൻ പരിചയമില്ലെന്നും അദ്ദേഹത്തിന്റെ നിലപാടുകൾ രാജ്യത്തെ ആരോഗ്യരംഗത്തെ പിന്നോട്ടടിക്കുമെന്നും അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ (എപിഎച്ച്എ) കുറ്റപ്പെടുത്തി. യുഎസ് പ്രസിഡന്റായിരുന്ന ജോൺ എഫ്.കെന്നഡിയുടെ സഹോദരപുത്രനാണ് റോബർട്ട്. വാക്സിൻ വിരോധിയായ കെന്നഡിയുടെ നിയമന വാർത്ത പുറത്തുവന്നതോടെ, വാക്സിൻ നിർമ്മാണ കമ്പനികളുടെ ഓഹരിവില ഇടിഞ്ഞു.
നോർത്ത് ഡെക്കോഡ ഗവർണറായ ഡഗ് ബെർഗമായിരിക്കും ആഭ്യന്തര സെക്രട്ടറിയാകുക. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. ടൊഡ് ബ്ലാഞ്ചിനെ ഡെപ്യൂട്ടി അറ്റോർണി ജനറലായും തിരഞ്ഞെടുത്തിട്ടുണ്ട്.