മൺട്രിയോൾ : രോഗികളുടെ വർധന കാരണം കുട്ടികളെ എമർജൻസി റൂമിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് മൺട്രിയോളിലെ കുട്ടികളുടെ ആശുപത്രി അഭ്യർത്ഥിച്ചു. വൈറസുകളും ശ്വാസകോശ സംബന്ധമായ അണുബാധകളും അത്യാഹിതവിഭാഗത്തിൽ തിരക്ക് വർധിപ്പിക്കുന്നുണ്ടെന്നും അടിയന്തര പരിചരണം ആവശ്യമില്ലെങ്കിൽ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും CHU സെൻ്റ്-ജസ്റ്റിൻ ആൻഡ് മൺട്രിയോൾ ചിൽഡ്രൻസ് ഹോസ്പിറ്റൽ (MCH) എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഒരു കുട്ടിയെയും പിന്തിരിപ്പിക്കില്ലെന്നും രണ്ട് ആശുപത്രികളും വ്യക്തമാക്കി. എന്നാൽ ജലദോഷം, ഇൻഫ്ലുവൻസ, ഗ്യാസ്ട്രോഎൻറൈറ്റിസ് എന്നിവയുടെ ലക്ഷണങ്ങളുള്ള കുട്ടികൾ അത്യാഹിതവിഭാഗത്തിലെ ഡോക്ടറെ കാണുന്നതിന് മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുമെന്നും CHU മെഡിക്കൽ മേധാവി ഡോ. അൻ്റോണിയോ ഡി ആഞ്ചലോ പറയുന്നു. ഗുരുതരമായ അസുഖമോ പരിക്കോ ഇല്ലാത്ത കുട്ടികൾക്ക്, 8-1-1 ലൈൻ അല്ലെങ്കിൽ വാക്ക്-ഇൻ ക്ലിനിക്കുകൾ പോലെയുള്ള മറ്റ് പരിഹാരങ്ങൾ പരിഗണിക്കാവുന്നതാണ്, അദ്ദേഹം വ്യക്തമാക്കി. ഇൻഫ്ലുവൻസ, ഗ്യാസ്ട്രോഎൻറൈറ്റിസ്, പനി തുടങ്ങിയ ചെറിയ ആരോഗ്യപ്രശ്നങ്ങൾ സാധാരണയായി മൂന്നോ അഞ്ചോ ദിവസം നീണ്ടുനിൽക്കുമെന്നും വീട്ടിൽ തന്നെ ചികിത്സിക്കാമെന്നും ഡി ആഞ്ചലോ പറഞ്ഞു. എന്നാൽ, മൂന്ന് മാസത്തിൽ താഴെയുള്ള കുഞ്ഞിന് പനി, അസാധാരണമായ ഉറക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട്, ഛർദ്ദി, വയറിളക്കം, നിർജ്ജലീകരണത്തിൻ്റെ ലക്ഷണങ്ങൾ എന്നീ അവസ്ഥയിലുള്ള കുട്ടികളെ മാതാപിതാക്കൾ എത്രയും വേഗം അത്യാഹിതവിഭാഗത്തിൽ എത്തിക്കണമെന്നും അൻ്റോണിയോ ഡി ആഞ്ചലോ നിർദ്ദേശിച്ചു.