മുംബൈ : ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനും പിടികിട്ടാപ്പുള്ളിയുമായ അന്‍മോല്‍ ബിഷ്‌ണോയിയെ യുഎസില്‍ നിന്ന് അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. മുന്‍ മന്ത്രി ബാബാ സിദ്ദിഖിയെ വെടിവച്ചുകൊന്നത് അന്‍മോല്‍ ക്വട്ടേഷന്‍ നല്‍കിയവരാണെന്ന നിഗമനത്തിലാണ് പൊലീസ്. നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവച്ചതിന്റെ ഉത്തരവാദിത്തവും ഏറ്റെടുത്തിരുന്നു.
കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ അന്‍മോലിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പ്രതിഫലം പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇയാളെ യുഎസില്‍ നിന്ന് വിട്ടുകിട്ടാന്‍ ശ്രമം പുരോഗമിക്കുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്.
ചോദ്യം ചെയ്യലിന് ശേഷം അന്‍മോലിനെ കാനഡയ്ക്ക് കൈമാറും എന്നാണ് മുംബൈ ക്രൈം ബ്രോഞ്ചുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് അന്‍മോലിനെ കാനസ കസ്റ്റഡിയില്‍ വാങ്ങുന്നത്.
ലോറന്‍സ് ബിഷ്ണോയ് അറസ്റ്റിലായതോടെ ബിഷ്ണോയ് ഗ്യാങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് അന്‍മോല്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് അന്‍മോല്‍ ഇന്ത്യയില്‍ നിന്ന് കടന്നത്. 2022ല്‍ പഞ്ചാബി ഗായകന്‍ സിദ്ധു മൂസ്വാലയുടെ കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ പൊലീസ് തിരയുന്ന വ്യക്തിയാണ് അന്‍മോല്‍. കൂടാതെ എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്.
ഈ മാസം ആദ്യംതന്നെ ഇയാളെ യു.എസില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ മുംബൈ ക്രൈംബ്രാഞ്ച് ആരംഭിച്ചിരുന്നു. മഹാരാഷ്ട്രയിലെ പ്രത്യേക കോടതി ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.അന്‍മോല്‍ ബിഷ്ണോയിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.