ബാലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം തുടരും .ഇടക്കാല മുന്‍കൂര്‍ ജാമ്യം സ്ഥിരപ്പെടുത്തി സുപ്രീം കോടതി. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹര്യത്തിലാണ് സിദ്ധിഖ് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രശസ്ത അഭിഭാഷകനായ മുകള്‍ റോത്തഗിയാണ് സിദ്ദിഖിന്റെ അഭിഭാഷകന്. രണ്ടാം തവണയാണ് സുപ്രീം കോടതി സിദ്ധിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.കഴിഞ്ഞയാഴ്ച്ച പരിഗണിച്ച ജാമ്യാപേക്ഷയിലെ വാദം അസുഖത്തെ തുടര്‍ന്ന് മാറ്റണമെന്ന അപേക്ഷയാണ് ഇന്ന് പരിഗണിച്ചത്. അതേസമയം സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
2016 ല്‍ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ച് സിദ്ധിഖ് ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ചാണ് യുവ നടി സിദ്ധിഖിനെതിരെ പരാതി നല്‍കിയത്്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സിദ്ധിഖിനെതിരെ കേസെടുത്തത്.പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയ വഴിയാണ് അതിജീവിതയും സിദ്ധിഖുമായി പരിചയപ്പെടുന്നത്. വ്യാജമായി തോന്നുന്ന ഒരു അക്കൗണ്ട് വഴിയാണ് പരിചയപ്പെട്ടത്. പക്ഷേ, അത് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടായിരുന്നു. സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് ശേഷം മസ്കറ്റ് ഹോട്ടലില്‍ ഒരു ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. അവിടെ വച്ചാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നു ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
അന്നേ ദിവസത്തെ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ഹോട്ടലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് AMMA ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു. പീഡനപരാതി വന്നതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെ സപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയും ഒളിവില്‍ പോവുകയും ചെയ്തിരുന്നു.ഇതെ തുടര്‍ന്ന് സിദ്ധിഖിനായി സംസ്ഥാന പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിക്കുകയും ലുക്ക് ഔട്ട് നോട്ടിസ് ഇറക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നടിക്കെതിരെ സിദ്ദിഖും പരാതിയുമായി രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പൊലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ സിദ്ധിഖ് പറഞ്ഞത്. വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നത്. ഇപ്പോഴാണ് ലൈംഗികാരോപണം നടത്തിയിരിക്കുന്നത്. 2018 ല്‍ താന്‍ മോശമായ വാക്കുകള്‍ പ്രയോഗിച്ചുവെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. പിന്നീട് ഉപദ്രവിച്ചുവെന്നായി ആരോപണം. സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് പോയപ്പോഴാണ് ഇവരെ കണ്ടത്. മാതാപിതാക്കള്‍ക്കൊപ്പമല്ലാതെ ഇവരെ കണ്ടിട്ടില്ല. ഞാന്‍ അവരുമായി മോശം സംഭാഷണം നടത്തിയിട്ടില്ല. ശാരീരികവുമായി ഉപദ്രവിച്ചിട്ടില്ലെന്നും സിദ്ദിഖ് പരാതിയില്‍ പറഞ്ഞിരുന്നു.