അമേരിക്കൻ സൈന്യത്തെ ഉപയോഗിച്ച് അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താൻ പദ്ധതിയിടുന്നതായി നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്ക ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും സൈനിക സംവിധാനം ഉപയോഗിച്ച് കൂട്ട നാടുകടത്തൽ പരിപാടി നടപ്പാക്കുമെന്നും സമൂഹ മാധ്യമത്തിൽ വന്ന പ്രതികരണത്തിന് മറുപടിയായാണ് ട്രംപിന്റെ സ്ഥിരീകരണം. പദ്ധതി നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയ ഫെഡറൽ ഏജൻസിയായ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റിനെ (ഐസിഇ) സഹായിക്കാൻ നാഷണൽ ഗാർഡിനെ ഉപയോഗിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട നാടുകടത്തൽ നടപ്പാക്കുമെന്ന തൻ്റെ പ്രതിജ്ഞ എങ്ങനെ നിറവേറ്റുമെന്ന ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് ട്രംപിൻ്റെ ഏറ്റവും പുതിയ അഭിപ്രായ പ്രകടനം.
തൻ്റെ ഓഫീസിലെ ആദ്യ ദിവസം തന്നെ നാടുകടത്തൽ ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഒരു യുഎസ് ഭരണകൂടത്തിന് ഈ പദ്ധതികളുമായി നിയമപരമായി മുന്നോട്ട് പോകാൻ കഴിഞ്ഞാലും വലിയ വെല്ലുവിളികളെ നേരിടേണ്ടിവരും. ദശലക്ഷക്കണക്കിന് രേഖകളില്ലാത്ത കുടിയേറ്റക്കാരെ കണ്ടെത്താൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റിന്റെ 20,000 ഏജൻ്റുമാരും സഹായ ഉദ്യോഗസ്ഥരും മതിയാകുമോയെന്നും വിദഗ്ദർ സംശയിക്കുന്നു.