ഹാലിഫാക്സ് : കാനഡയുടെ ദേശീയ പബ്ലിക് അലർട്ടിങ് സിസ്റ്റത്തിന്‍റെ പരീക്ഷണം അറ്റ്ലാൻ്റിക് കാനഡയിൽ നാളെ നടക്കും. സ്മാർട്ട്‌ഫോണ്‍, റേഡിയോ, ടെലിവിഷന്‍ എന്നിവയിലൂടെയാവും അറ്റ്‌ലാൻ്റിക് കാനഡ നിവാസികൾക്ക് ‘അലർട്ട് റെഡി’യിലൂടെ മുന്നറിയിപ്പുകൾ ലഭിക്കുക. നിർണായക ഘട്ടങ്ങളിൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകുന്നതിനായാണ് ‘അലർട്ട് റെഡി’ എന്ന സംവിധാനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
അലർട്ടിങ് സിസ്റ്റത്തിന്‍റെ ഓൺലൈൻ ടെസ്റ്റിങ് ഷെഡ്യൂൾ അനുസരിച്ച് അറ്റ്ലാൻ്റിക് കാനഡയിൽ ഇനിപ്പറയുന്ന സമയങ്ങളിൽ മുന്നറിയിപ്പുകൾ ലഭിക്കും.
ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ – 10:45 am NST
ന്യൂബ്രൺസ് വിക് – 10:55 am AST
പ്രിൻസ് എഡ്വേർഡ് ഐലൻഡ് – 12:55 pm AST
നോവ സ്കോഷ – 1:55 pm AST
ടെലിവിഷനുകളിൽ ചുവന്ന പശ്ചാത്തലത്തിലാവും മുന്നറിയിപ്പ് ദൃശ്യമാകുക. റേഡിയോ സന്ദേശത്തിൽ ശബ്ദത്തിലുള്ള അലാറം ഉപയോഗിച്ച് ടെസ്റ്റ് ആരംഭിക്കും – ആദ്യം ഫ്രഞ്ചിലും തുടർന്ന് ഇംഗ്ലീഷിലുമായിരിക്കും സന്ദേശം. നാളെ നൽകുന്ന സന്ദേശത്തിന്‍റെ ഉള്ളടക്കവും പുറത്തു വിട്ടിട്ടുണ്ട്. അതിങ്ങനെയാണ്: ‘ഇത് കാനഡ ഗവൺമെൻ്റിൻ്റെ നാഷണൽ പബ്ലിക് അലർട്ടിങ് സിസ്റ്റത്തിൻ്റെ പരീക്ഷണമാണ്. ഒരു നടപടിയും ആവശ്യമില്ല. ഇതൊരു യഥാർത്ഥ അടിയന്തര നിർദ്ദേശമാണെങ്കിൽ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നിങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ദയവായി അലർട്ട് റെഡി വെബ്സൈറ്റ് സന്ദർശിക്കുക.’
തീപിടിത്തം, പാരിസ്ഥിതിക ഭീഷണികള്‍, സിവിൽ എമർജൻസി, കാണാതാകുന്ന കുട്ടികൾക്കുള്ള ആംബർ അലർട്ട്, ചുഴലിക്കാറ്റ്, ഭൂകമ്പം, വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ എന്നിവയുൾപ്പെടെ വിവിധ സാഹചര്യങ്ങളിൽ ഈ അലർട്ടുകൾ പ്രക്ഷേപണം ചെയ്യും. ഫെഡറൽ, പ്രൊവിൻഷ്യൽ, ടെറിട്ടോറിയൽ എമർജൻസി മാനേജ്‌മെൻ്റ് ഉദ്യോഗസ്ഥർ, എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ, ബ്രോഡ് കാസ്റ്റ് ഇന്റസ്ട്രി എന്നിവയുമായി സഹകരിച്ചാണ് ‘അലർട്ട് റെഡി’ വികസിപ്പിച്ചത്.