ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസിൽ തുടർനടപടി സ്വീകരിക്കാം എന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. ഹൈകോടതി നടപടികളില്‍ തെറ്റില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സി.ടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച് പ്രതിയെ അന്ന് അഡ്വക്കേറ്റായിരുന്ന ആന്റണി രാജു രക്ഷപ്പെടുത്തിയെന്ന കേസിലാണ് കോടതി ഉത്തരവ്. പ്രതി വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശം നൽകി. ആന്റണി രാജു അടക്കം പ്രതികൾ അടുത്ത മാസം 20ന് വിചാരണ കോടതിയിൽ ഹാജരാകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
1990 ഏപ്രില്‍ 4-നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്നും മാറ്റി പകരം മറ്റൊന്ന് വെച്ചുവെന്നാണ് കേസ്. കേസില്‍ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.