ടൊറൻ്റോ : ഒൻ്റാരിയോ നിവാസികൾക്ക് അവരുടെ ഫോണുകളിൽ ഇന്ന് ഒരു എമർജൻസി അലേർട്ട് പ്രതീക്ഷിക്കാം. നവംബർ 20-ന്, ഉച്ചയ്ക്ക് 12:55-ന്, റേഡിയോ, ടെലിവിഷൻ, വയർലെസ് ഉപകരണങ്ങളിൽ ടെസ്റ്റ് അലേർട്ടുകൾ മുഴങ്ങും. ഫ്രഞ്ചിലും ഇംഗ്ലീഷിലുമായിരിക്കും സന്ദേശം ലഭിക്കുക. കെബെക്ക് ഒഴികെ രാജ്യത്തുടനീളം, അടിയന്തരാവസ്ഥ ഉണ്ടാകുമ്പോൾ അവ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഈ മുന്നറിയിപ്പ് സന്ദേശങ്ങൾ എത്തും. നിർണായക ഘട്ടങ്ങളിൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകുന്നതിനായാണ് ‘അലർട്ട് റെഡി’ എന്ന സംവിധാനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മെയ്, നവംബർ മാസങ്ങളിൽ വർഷത്തിൽ രണ്ടുതവണയാണ് എമർജൻസി അലർട്ട് സിസ്റ്റം പരീക്ഷിക്കുന്നത്. 2024-ൽ, ഒൻ്റാരിയോയിൽ അലേർട്ട് റെഡി വഴി മൊത്തം 233 എമർജൻസി അലേർട്ടുകൾ നൽകിയിട്ടുണ്ട്.
ഈ സാങ്കേതികവിദ്യ എല്ലാ പ്ലാറ്റ്‌ഫോമുകളിലും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എമർജൻസി അലേർട്ട് നൽകുന്നതെന്ന് അലേർട്ട് റെഡി റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്ടർ കുർട്ട് എബി അറിയിച്ചു. മെയ് മാസത്തെ പരിശോധനയിൽ, ചില ഒൻ്റാരിയോ നിവാസികൾക്ക് അവരുടെ വയർലെസ് ഉപകരണങ്ങളിൽ അലേർട്ട് ലഭിച്ചിരുന്നില്ല.
തീപിടിത്തം, പാരിസ്ഥിതിക ഭീഷണികള്‍, സിവിൽ എമർജൻസി, കാണാതാകുന്ന കുട്ടികൾക്കുള്ള ആംബർ അലർട്ട്, ചുഴലിക്കാറ്റ്, ഭൂകമ്പം, വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ എന്നിവയുൾപ്പെടെ വിവിധ സാഹചര്യങ്ങളിൽ ഈ അലർട്ടുകൾ പ്രക്ഷേപണം ചെയ്യും. ഫെഡറൽ, പ്രൊവിൻഷ്യൽ, ടെറിട്ടോറിയൽ എമർജൻസി മാനേജ്‌മെൻ്റ് ഉദ്യോഗസ്ഥർ, എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ, ബ്രോഡ് കാസ്റ്റ് ഇന്‍റസ്ട്രി എന്നിവയുമായി സഹകരിച്ചാണ് ‘അലർട്ട് റെഡി’ വികസിപ്പിച്ചത്.