മൺട്രിയോൾ : വസ്തു നികുതിയിൽ ശരാശരി 2.2% വർധന ഉൾപ്പെടെ 728 കോടി ഡോളറിൻ്റെ 2025-ലേക്കുള്ള പ്രവർത്തന ബജറ്റ് അവതരിപ്പിച്ച് മൺട്രിയോൾ സിറ്റി. 2024 ബജറ്റിനെ അപേക്ഷിച്ച് 28 കോടി 24 ലക്ഷം ഡോളർ കൂടുതലാണ് പുതിയ ബജറ്റ്. എന്നാൽ, വസ്തു നികുതി വർധന 2024-ലെ 4.9 ശതമാനത്തിന് താഴെയാണ്.
2025 പ്രവർത്തന ബജറ്റിനൊപ്പം 2,480 കോടി ഡോളറിൻ്റെ 10 വർഷത്തെ മൂലധന ചെലവ് പദ്ധതിയും മൺട്രിയോൾ മേയർ വലേരി പ്ലാൻ്റ് പുറത്തിറക്കി. അതേസമയം അടുത്ത വർഷം വീണ്ടും മത്സരിക്കില്ലെന്ന് വലേരി പ്ലാൻ്റ് പ്രഖ്യാപിച്ചതിനാൽ അവർ അവതരിപ്പിക്കുന്ന അവസാന ബജറ്റാണിത്. നഗരം അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് ഈ ബജറ്റെന്ന് തൻ്റെ എട്ടാം ബജറ്റ് അവതരിപ്പിച്ച് വലേരി പ്ലാൻ്റ് പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഹൗസിങ് ഡിപ്പാർട്ട്‌മെൻ്റ് ബജറ്റ് 10 കോടി ഡോളറായി വർധിപ്പിക്കാനും ആയിരക്കണക്കിന് ഓഫ്-മാർക്കറ്റ് ഹൗസിങ് യൂണിറ്റുകൾ നിർമ്മിക്കാനും പദ്ധതിയുണ്ടെന്ന് വലേരി പ്ലാൻ്റ് പറയുന്നു. കൂടാതെ 2025-ൽ പുതിയ നിയമനങ്ങൾ പരിമിതപ്പെടുത്തുന്നുവെന്നും അവർ ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു.