എഡ്മിന്‍റൻ : ‘അലർട്ട് സിസ്റ്റം’ പരീക്ഷണത്തിനൊരുങ്ങി ആൽബർട്ട. നവംബർ 20-ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1:55-ന് ഫോണുകൾ, റേഡിയോകൾ, ടിവികൾ, മറ്റ് ഉപകരണങ്ങൾ എന്നിവയിൽ അലർട്ടുകൾ മുഴങ്ങും. നിർണായക ഘട്ടങ്ങളിൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകുന്നതിനായാണ് ‘അലർട്ട് റെഡി’ എന്ന സംവിധാനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മെയ്, നവംബർ മാസങ്ങളിൽ രണ്ടു തവണയായാണ് എമർജൻസി അലർട്ട് സിസ്റ്റം പരീക്ഷിക്കുന്നത്. ചുഴലിക്കാറ്റ്, കാട്ടുതീ, വെള്ളപ്പൊക്കം, തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി അലർട്ട് സിസ്റ്റം പ്രവർത്തിപ്പിക്കും.
നേരിട്ടുള്ള അലർട്ടുകൾക്കായി ആൽബർട്ട എമർജൻസി ആപ്പ് ഡൗൺലോഡ് ചെയ്യാൻ മന്ത്രി എല്ലിസ് ആൽബർട്ട നിവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എൽടിഇ 4ജി നെറ്റ്‌വർക്കിലോ അതിലും ഉയർന്നതിലോ കണക്‌റ്റ് ചെയ്‌തിരിക്കുന്ന ഫോണുകൾക്കും എമർജൻസി അലർട്ടുകൾ ലഭിക്കും. നിശബ്‌ദമാക്കിയ ഫോണുകൾ എമർജൻസി അലർട്ടുകൾ പ്രദർശിപ്പിക്കുമെങ്കിലും അലർട്ട് ശബ്‌ദം പ്ലേ ചെയ്‌തേക്കില്ല. ആൽബർട്ട നിവാസികൾക്ക് അവരുടെ എമർജൻസി റെസ്‌പോൺസ് പ്ലാൻ അവലോകനം ചെയ്യാനുള്ള അവസരം കൂടിയാണ് ടെസ്റ്റ് അലർട്ട്. 2023 ലെ സ്പ്രിങ് ടെസ്റ്റിനിടെ തുടർച്ചയായി ആറ് അലർട്ടുകൾ പുറപ്പെടുവിച്ച് ആൽബർട്ടയുടെ എമർജൻസി അലർട്ട് സിസ്റ്റത്തിന് മുമ്പ് തകരാർ നേരിട്ടിരുന്നു.