ടൊറൻ്റോ : നഗരത്തിൽ ദുരൂഹസാഹചര്യത്തിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ടൊറൻ്റോ നഗരത്തിലെ മാർലി, റോസ്ലോൺ അവന്യൂവുകൾക്ക് സമീപമുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നിന്നും കുഞ്ഞിനെ കാണാനില്ലെന്ന് ഒരു കുടുംബാംഗമാണ് ആദ്യം റിപ്പോർട്ട് ചെയ്തതെന്ന് പൊലീസ് പറയുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ എഗ്ലിൻ്റൺ അവന്യൂവിലെ അലൻ റോഡ് ഏരിയയിൽ നിന്നും ഗുരുതര പരുക്കുകളോടെ കുഞ്ഞിനെ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ, ഉച്ചക്ക് ഒരു മണിയോടെ കുഞ്ഞ് മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.