ന്യൂഡല്‍ഹി: സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് യോഗ്യതകള്‍ പുതുക്കി നിശ്ചയിച്ച് ഡല്‍ഹി പൊലീസ്. അലക്കി തേച്ച പാന്റും ഷര്‍ട്ടിനും പുറമെ പോളീഷ് ചെയ്ത ഷൂസും നിര്‍ബന്ധം. പെരുമാറ്റത്തില്‍ സ്വീകാര്യതയും, അച്ചടക്കവും, ക്ഷമയും മര്യാദയും ഉണ്ടാകണം. ഇംഗ്ലീഷ് ഉള്‍പ്പെടെ വിദേശ ഭാഷ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. ഇവയൊക്കെയാണ് ഡല്‍ഹിയിലെ വിമാന താവളങ്ങള്‍ റെയില്‍വേ സ്റ്റേഷനുകള്‍ പാര്‍ലമെന്റ് എംബസികള്‍, മന്ത്രാലങ്ങള്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള പ്രൊഫഷണല്‍ യോഗ്യതകള്‍.
നിലവില്‍ ഈ യോഗ്യതകളില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് പൊലീസ് പരിശീലനം ആരംഭിച്ചു.ഇതോടൊപ്പം വാഹനങ്ങള്‍ വ്യത്തിയായി സൂക്ഷികണമെന്നും നിര്‍ദ്ദേശമുണ്ട്. രാജ്യ തലസ്ഥാനത്ത് എത്തുന്ന ഒരാള്‍ ആദ്യം ഇടപെടുന്നത് ഓട്ടോ – ടാക്‌സി ഡ്രൈവര്‍മാരുമായിരിക്കും. അവരുടെ പെരുമാറ്റം നഗരത്തെകുറിച്ചുള്ള സന്ദര്‍ശകരുടെ ധാരണയെ സ്വാധിനിക്കുമെന്നും പൊലീസ് വിലയിരുത്തുന്നു. ഓട്ടോ- ടാക്‌സി ഡ്രൈവര്‍മാര്‍ വിനോദ സഞ്ചാരികളെ ചൂഷണം ചെയ്യുന്നു മര്യാദയില്ലാതെ പെരുമാറുന്നു, അധിക കൂലീ ഈടാക്കുന്നു തുടങ്ങിയ പരാതികള്‍ കൊണ്ട് പൊറുതി മുട്ടിയ സാഹചര്യത്തിലാണ് പൊലീസിന്റെ പുതിയ തീരുമാനം. വിനോദ സഞ്ചാര മേഖലയെ ഉണര്‍ത്തുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.